GeneralLatest NewsNEWS

ശ്രീശാന്ത് വിരമിച്ചത് നിര്‍ഭാഗ്യത്തിന്റെ മൈതാനത്ത് നിന്ന് : ബി കെ ഹരിനാരായണന്‍

ശ്രീശാന്ത് നിര്‍ഭാഗ്യത്തിന്റെ മൈതാനത്ത് നിന്നാണ് വിരമിച്ചത് എന്നും, ക്രിക്കറ്റിലെ അജ്ഞാത തമ്പുരാക്കന്‍മാരുടെ ഇരയാണ് ശ്രീശാന്ത് എന്നും ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍ പറയുന്നത്. ശ്രീശാന്തിന്റെ നേട്ടങ്ങള്‍ എങ്ങനെ മറക്കാനാണ് എന്ന ചോദിച്ചു കൊണ്ടാണ് ഹരിനാരായണന്റെ കുറിപ്പ്.

ബി കെ ഹരിനാരായണന്റെ കുറിപ്പ്:

ഞങ്ങള്‍ എങ്ങനെ മറക്കാനാണ്? 2006 ഡിസംബറില്‍ ജോഹന്നാസ് ബര്‍ഗ്ഗില്‍ അകത്തേക്കു വരുന്ന പന്തില്‍ ഗ്രേയിം സ്മിത്തിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്? മഴവില്ലു പോലെ പുറത്തേക്കു പോകുന്ന പന്തുകള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച് ഹാഷിം അംലയും ജാക്വിസ് കാലിസും മടങ്ങിയത്? ബൗച്ചറിന്റെ കുറ്റി പിഴുതത്? ഷോണ്‍ പൊള്ളോക്കിനെ മടക്കിയത്? തന്നോട് കയര്‍ക്കാന്‍ വന്ന ആന്ദ്രേ നെല്ലിന്റെ അടുത്ത പന്ത് തലക്കു മുകളിലൂടെ സ്‌ട്രൈറ്റ് സിക്‌സര്‍ പറത്തിയത്? രണ്ടാം ഇന്നിങ്‌സില്‍ സ്മിത്തിനേയും അംലയേയും കാലിസിനേയും വീണ്ടും മടക്കിയത്? 99 റണ്‍സിന് എട്ടു വിക്കറ്റെടുത്ത് കളിയിലെ കേമനായത്?

ഞങ്ങള്‍ എങ്ങനെ മറക്കാനാണ്? 2007 സെപറ്റംബറിലെ ടി ട്വന്റി വേൾഡ് കപ്പ് സെമിഫൈനലില്‍ ആദം ഗില്‍ക്രിസ്റ്റിന്റെയും തകര്‍ത്താടിയ മാത്യു ഹെയ്ഡന്റെയും വിക്കറ്റ് പിഴുത പന്തുകള്‍? ഇന്ത്യക്ക് T 20 കിരീടം നേടിത്തന്ന ആ ക്യാച്ച്? ഞങ്ങള്‍ എങ്ങനെ മറക്കാനാണ്? സഹകളിക്കാര്‍ പോലും അസൂയയോടെ കണ്ടിരുന്ന സീം പൊസിഷനുള്ള നിങ്ങളുടെ പന്തുകള്‍? ഔട്ട് സിങ്ങറുകള്‍?

ക്രിക്കറ്റിലെ അജ്ഞാത തമ്പുരാക്കന്‍മാരുടെ വേട്ടയാടലിന്റെ, നിര്‍ഭാഗ്യത്തിന്റെ ഇരയായിരുന്നു നിങ്ങള്‍. ഒറ്റയ്ക്കായിരുന്നു നിങ്ങള്‍. കളിക്കളത്തില്‍ ഏറ്റവും അഗ്രസീവായ ക്രിക്കറ്റര്‍, ജീവതത്തില്‍ ഏറ്റവും സൗമ്യനും ശുദ്ധനും ദയാലുവുമായ മനുഷ്യന്‍. അതാണ് നിങ്ങള്‍.

മുപ്പത്തി ഒന്‍പതാം വയസ്സിലും പ്രായം തളര്‍ത്താത്ത നിങ്ങളുടെ കളിക്കളത്തിലെ ആര്‍ജ്ജവം ഞങ്ങള്‍ കണ്ടു മേഘാലയക്കെതിരെ. പ്രിയ കളിക്കാരാ നിങ്ങള്‍ വിടവാങ്ങുന്നത് നീതികേടിന്റെ നിര്‍ഭാഗ്യത്തിന്റെ മൈതാനത്തു നിന്നു മാത്രമാണ്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരുടെ ഹൃദയത്തിന്റെ മൈതാനത്ത് നിങ്ങള്‍ എന്നും ഔട്ട് സ്വിങ്ങറുകള്‍ എറിഞ്ഞു കൊണ്ടേയിരിക്കും.

 

shortlink

Related Articles

Post Your Comments


Back to top button