കൊച്ചി: ചെറുപ്പത്തിൽ നടി ഭാവനയോട് ക്രഷ് ഉണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞ് സീരിയല്‍ താരം ശ്യാം ജേക്കബ്. ഭാവന, അനൂപ് മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘കുട്ടികളുണ്ട് സൂക്ഷിക്കുക’ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവവും താരം വെളിപ്പെടുത്തുന്നു. ഭാവനയോട് ക്രഷ് ഉണ്ടായിരുന്നതിനാൽ, സിനിമയിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ ബുദ്ധിമുട്ട് ആയിരുന്നുവെന്ന് താരം വ്യക്തമാക്കി. സ്വാസിക വിജയ് അവതാരകയായ റെഡ് കാര്‍പറ്റ് എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു ശ്യാം.
‘കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലേക്ക് എനിക്ക് വിളി വന്നു. ഭാവനയുടെ കൂടെ കോംമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു. പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് ഭാവനയോട് ഭയങ്കര ക്രഷ് ആയിരുന്നു. അതൊക്കെ ഇങ്ങനെ മനസ്സിൽ കിടക്കുകയാണ്. സിനിമയിൽ, ഒരു പ്രശ്നം ഉണ്ടായിട്ട് ഭാവനയുടെ കഥാപാത്രം പൊലീസിനെ വിളിക്കുന്ന സീന്‍ ഉണ്ട്. അതാണ് ചെയ്യുന്നത്. വരൂ… എന്ന് ഭാവന എന്നോട് പറയുമ്പോള്‍ ഞാൻ അകത്തേക്ക് കയറി ചെല്ലണം. ഷൂട്ട് തുടങ്ങി. ഭാവന ‘വരൂ’ എന്ന് പറഞ്ഞപ്പോൾ, ഞാൻ പെട്ടന്ന് അന്ധാളിച്ച് നിന്നു. സംവിധായകന്‍ അതിന് കട്ട് പറഞ്ഞു. പിന്നെ എന്നോട് ചോദിച്ചു, ‘നീ എന്താടാ ഈ കാണിക്കുന്നത്. ഇത്രയും ദിവസം ഓക്കെ ആയിരുന്നല്ലോ ഇപ്പോള്‍ എന്ത് പറ്റി’ എന്ന്.
പക്ഷേ. സത്യം എന്താണെന്നുള്ളത് അവര്‍ക്ക് പോലും അറിയില്ലായിരുന്നു. അതേ സീനിന്റെ രണ്ടാമത്തെ ടേക്കിനും കട്ട് വിളിച്ചു. കാരണം നേരെ നോക്കുമ്പോള്‍ എനിക്ക് ശരിയായി വരുന്നില്ല. മൂന്നാമത്തെ ടേക്കിന് ഞാൻ തല കുനിച്ച് പിടിച്ചു. അങ്ങനെയാണ് ഭാവന വിളിച്ചപ്പോള്‍ തലകുനിച്ച് കൊണ്ട് അകത്തേക്ക് കയറി പോയത്. പിന്നെ കുഴപ്പം ഒന്നും ഉണ്ടായില്ല. ആദ്യ കോമ്പിനേഷൻ സീനിന്റെ പ്രശ്നമായിരുന്നു’, ശ്യാം പറയുന്നു. അതേസമയം, ‘എന്റെ കുട്ടികളുടെ അച്ഛന്‍’ എന്ന സീരിയലിലാണ് ശ്യാം ജേക്കബ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
Leave a Comment