മലയാള സിനിമാ മേഖലയിൽ എല്ലാ കാലഘട്ടത്തിലും സ്ത്രീകള്‍ പ്രശ്നങ്ങള്‍ നേരിട്ടിരുന്നെന്നും എന്നാൽ, അതിനെ നേരിടാന്‍ സഹതാരങ്ങള്‍ ഒപ്പമുണ്ടായിരുന്നുവെന്നും നടി ഉര്‍വശി. ‘അമ്മ’യുടെ വനിതാദിനാഘോഷം ‘ആര്‍ജ്ജവ 2022’ൽ സംസാരിക്കുകയായിരുന്നു താരം. കലൂരിലുള്ള ‘അമ്മ’ ഓഫീസില്‍ നടന്ന പരിപാടിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജയായിരുന്നു വിശിഷ്ടാതിഥി. സംഘടനയുടെ വൈസ് പ്രസിഡന്റ് ശ്വേതാ മേനോന് അദ്ധ്യക്ഷത വഹിച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലാണ് വനിതകളുടെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. പോഷ് ആക്ടിനേക്കുറിച്ച് (തൊഴിലിടങ്ങളിലെ ലൈംഗീക അതിക്രമം തടയാനുള്ള നിയമം) അഭിഭാഷക ടീന ചെറിയാന് സംസാരിച്ചു.
തന്റെയൊക്കെ തുടക്ക സമയത്ത് ലൊക്കേഷനുകളിൽ നിന്നും പോകാൻ വാഹന സൗകര്യം ഒന്നുമില്ലായിരുന്നു. എന്നാൽ മോഹൻലാലിനെപ്പോലുള്ള താരങ്ങൾ അന്ന് തങ്ങളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു എന്നും ഉർവശി പറഞ്ഞു .
ഉർവശിയുടെ വാക്കുകൾ :
‘എല്ലാ കാലഘട്ടത്തിലും ശല്യങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഞാനൊക്കെ അഭിനയിക്കാൻ വന്നിരുന്ന സമയത്ത് ഒരു ലൊക്കേഷനിൽ നിന്ന് പോകാൻ ഇന്നത്തെ പോലെ ഓരോരുത്തർക്കും പോകാൻ വാഹന സൗകര്യം ഒന്നുമില്ല. ലാലേട്ടൻ ഷൂട്ടിംഗ് കഴിഞ്ഞാൽ ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകൾ പോയോ എന്നാണ്. ഞാൻ എന്നല്ല, ചെറിയ വേഷം ചെയ്യുന്നവർ ആയാൽ പോലും അവരെ വണ്ടിയിൽ കയറ്റി വിട്ട ശേഷം മാത്രമേ അദ്ദേഹം പോവുകയുള്ളു. അങ്ങനെ സഹപ്രവർത്തകർക്കിടയിൽ തന്നെ പരസ്പരം സംരക്ഷിക്കാനുള്ള മനസ്സുണ്ടായിരുന്നു.
ചില കൃമികളൊക്കെ അന്നും ഇന്നും ഉണ്ട്. അതിനെ വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള കാര്യങ്ങള്‍ പറഞ്ഞു തരാന്‍ ലളിതചേച്ചിയെപ്പോലുള്ളവരും ഉണ്ടായിരുന്നു. ഒരുപാട് പുരുഷന്മാർ നമ്മുടെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അതൊക്കെ വിസ്മരിച്ച് ഏതെങ്കിലും ഒരു വ്യക്തി ഉണ്ടാക്കിയ വേദനകൾ വെച്ച് മുഴുവൻ പുരുഷന്മാരെ തള്ളി പറയാൻ കഴിയില്ല.’
Post Your Comments