ഒരു കൊതി കൊണ്ട് ചെയ്ത സിനിമയാണ് ‘നൈറ്റ് ഡ്രൈവ്’ എന്ന് സംവിധായകൻ വൈശാഖ്. മമ്മൂട്ടി ചിത്രം ‘മധുരരാജ’യ്ക്ക് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രത്തിൽ അന്ന ബെന്‍, റോഷന്‍ മാത്യു, ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നന്നായി ഭക്ഷണം കഴിക്കുമ്പോഴും വ്യത്യസ്തമായി ഒന്ന് കഴിക്കണം എന്ന കൊതി ഉണ്ടാകില്ലേ. അതേ കൊതി തന്നെയാണ് സിനിമയുടെ കാര്യത്തിലും എന്ന് നൈറ്റ് ഡ്രൈവിന്റെ പ്രമോഷന്റെ ഭാഗമായി റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ വൈശാഖ് പറഞ്ഞു.
വൈശാഖിന്റെ വാക്കുകൾ:
ഒരു കൊതി കൊണ്ട് ചെയ്ത സിനിമയാണ് ‘നൈറ്റ് ഡ്രൈവ്’. അത് ഈ സിനിമ എന്നില്ല. ഒരേ രീതിയിലാണ് സിനിമ ചെയ്തു പോയിക്കൊണ്ടിരുന്നത്. അത് ചെയ്ത സിനിമകൾ മോശമായതുകൊണ്ടോ തൃപ്തിക്കുറവുളളത് കൊണ്ടോ അല്ല. നന്നായി ഭക്ഷണം കഴിക്കുമ്പോഴും വ്യത്യസ്തമായി ഒന്ന് കഴിക്കണം എന്ന കൊതി ഉണ്ടാകില്ലേ. അതെ കൊതി തന്നെയാണ് ഈ സിനിമയുടെ കാര്യത്തിലും. ഞാൻ അത്തരത്തിലൊരു ത്രില്ലർ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന സമയത്ത്, അഭിലാഷ് ഒരു മാസ് ആക്ഷൻ സിനിമയുടെ കഥ പറയാൻ വന്നിരുന്നു. പക്ഷെ എനിക്ക് ഒരു കണ്ടന്റിനെ അടിസ്ഥാനമാക്കിയുള്ള, ഒരു നാച്ചുറൽ സിനിമയായിരുന്നു വേണ്ടത്. അങ്ങനെയൊരു കഥ ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചപ്പോഴാണ് നൈറ്റ് ഡ്രൈവിന്റെ എലമെന്റ് പറയുന്നത്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് ആദ്യം പറഞ്ഞിരുന്നത്. രാത്രിയിൽ ഒരുപാട് സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. എങ്കിലും ഒരു പോയിന്റിനെ വികസിപ്പിച്ചെടുത്തായിരിക്കും കഥ ഉണ്ടാകുക.
12 മുതൽ 14 മണിക്കൂറിനിടയിൽ ഒരുപാട് സംഭവങ്ങളാണ് രാത്രയിൽ ഉണ്ടാകുന്നത്. അത് സിനിമയുടെ ഡ്രൈവായും ട്വിസ്റ്റായും മാറി മാറി വരുന്ന ഒരു രസകരമായ തിരക്കഥയുടെ യാത്രയുണ്ട്. അത് വളരെ കൗതുകമായി എനിക്ക് തിരക്കഥയിൽ തോന്നി. എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം എല്ലാ കാര്യങ്ങളെയും ഉൾക്കൊള്ളിച്ചതും കൗതുകമുണർത്തി. എന്നെ സംബന്ധിച്ചിടത്തോളം എന്റർടൈൻമെന്റിനെ എങ്ങനെ നിലനിർത്താം എന്ന ചിന്തയാണ് എപ്പോഴും. ഞാൻ ഇപ്പോഴും മുൻഗണന നൽകുന്നതും അതിനാണ്. അപ്പോൾ എന്റർടൈൻമെന്റിനു കൂടി ഇടമുള്ള ഒരു സിനിമ, എന്നാൽ കുറച്ച് വ്യത്യസ്തമായി ചെയ്യാൻ സാധിക്കണം എന്ന ആഗ്രഹത്തിലാണ് ഒരു നൈറ്റ് ഡ്രൈവ് ചെയ്യുന്നത്.
Post Your Comments