കൊച്ചി: കട്ടപ്പനയിലെ ഋതിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് സ്വാസിക. സിനിമയിലും സീരിയലിലും ഒരുപോലെ വേഷമിടുന്ന സ്വാസിക സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ, ഒരു അഭിമുഖത്തിൽ സ്വാസിക ഗോസിപ്പുകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കി, തെറ്റിദ്ധരിക്കപ്പെടുന്ന തലക്കെട്ടും കവർചിത്രവും കൊടുത്ത് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് താരം പറയുന്നു.
‘ഞാൻ ഏതെങ്കിലും സഹപ്രവർത്തകരുടെ ഒപ്പമുള്ള ഫോട്ടോയോ വീഡിയോ പങ്കുവച്ചാൽ ഗോസിപ്പുമായി ആളുകൾ വരും. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് നുണക്കഥകൾ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ജീവിതത്തിൽ വിവാഹം ഉണ്ടാകുമായിരിക്കും. പക്ഷേ നിലവിലെ സാഹചര്യത്തിൽ അത് ഉടനെയില്ല’, സ്വാസിക പറയുന്നു.
‘ട്രോളുകൾ ആസ്വദിക്കാറുണ്ട്. പക്ഷേ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കി, തെറ്റിദ്ധരിക്കപ്പെടുന്ന തലക്കെട്ടും കവർചിത്രവും കൊടുത്ത് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. എന്റെ കാര്യം പോകട്ടെ എന്നു വയ്ക്കാം. കാരണം വിവാഹക്കാര്യമാണല്ലോ പ്രചരിപ്പിക്കുന്നത്. പക്ഷേ മറ്റു ചില താരങ്ങളുടെ മരണവാർത്ത, വിവാഹമോചനം, മറ്റു മോശം കാര്യങ്ങളോ പറഞ്ഞുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഇതിനോട് യോജിക്കാനാവില്ല. ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണം. ഇന്ന് എന്റെ കല്യാണത്തെക്കുറിച്ച് പറയുന്നു. നാളെ എന്നെപ്പറ്റി എന്തു പറയും എന്ന് അറിയില്ല’, സ്വാസിക വ്യക്തമാക്കി.
Post Your Comments