ബഹുമാനം പോലും കിട്ടാന്‍ പൈസ ഉണ്ടായാല്‍ മതി, എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠമാണത് : രേഖ രതീഷ്

അഭിനയത്തോട് ഒരു താല്‍പര്യമോ ഇഷ്ടമോ ഇല്ലായിരുന്നുവെന്നും, അത് മാറിയത് മോന്‍ ഉണ്ടായതിന് ശേഷമാണ് എന്നും നടി രേഖ രതീഷ്. ടെലിവിഷന്‍ രംഗത്തെ മികച്ച അമ്മ കഥാപാത്രങ്ങള്‍ ചെയ്താണ് നടി രേഖ ശ്രദ്ധേയയാവുന്നത്. ഒരു ലോട്ടറി അടിച്ചാല്‍ താന്‍ ഇതെല്ലാം മതിയാക്കി പോകുമെന്നാണ് സീരിയല്‍ ടുഡേ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ താരം പറയുന്നത്.

രേഖയുടെ വാക്കുകൾ :

മോന്‍ ഉണ്ടായതിന് ശേഷമാണ് അഭിനയം ഒരു പ്രൊഫഷനായി കാണുന്നത്. അതിന് മുന്‍പ് എനിക്കിതിനോട് ആത്മാര്‍ഥതയോ നാല് പേര് അറിയുന്ന സെലിബ്രിറ്റി ആവണമെന്നോ വിചാരിച്ചിരുന്നില്ല. ഇന്ന് ലോട്ടറി അടിക്കുകയാണെങ്കില്‍ ക്വിറ്റ് എന്ന് പറഞ്ഞ് ഓടുന്ന വ്യക്തിയായിരിക്കും. ഇന്നത്തെ സാഹചര്യത്തില്‍ ജീവിച്ച് പോകാന്‍ ഏറ്റവും പ്രധാനമായും വേണ്ടത് പൈസയാണ്. പൈസ ഉണ്ടെങ്കില്‍ എന്തും ഉണ്ട്. ഒരു തെറ്റ് ചെയ്താല്‍ പൈസ ഉണ്ടെങ്കില്‍ അതില്‍ നിന്നും രക്ഷപ്പെട്ട് പോവാം. അതിനി ഒരു പാവപ്പെട്ടവന്‍ ആണെങ്കില്‍ അവനെ ഇനി പറയാനോ കുറ്റപ്പെടുത്താനോ ഒന്നും ഉണ്ടാവില്ല. ബഹുമാനം പോലും കിട്ടാന്‍ പൈസ ഉണ്ടായാല്‍ മതി. എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠമാണത്.

നമ്മുടെ ഫാമിലിയില്‍ ഉള്ളവര്‍ ആണെങ്കില്‍ പോലും പൈസ ഉണ്ടെങ്കില്‍ ഞാന്‍ പറയുന്നതൊക്കെ ശരിയായിരിക്കും. നേരെ മറിച്ചാണെങ്കില്‍ അതെല്ലാം കുറ്റമായിരിക്കും. ഇതൊക്കെ ഞാന്‍ സ്വയം പഠിച്ച് വരുന്നതാണ്. മോന്‍ ഉണ്ടായതിന് ശേഷമാണ് ഇതെന്റെ ജോലിയാണെന്നും ഈ പ്രൊഫഷനെ കുറിച്ച് ചിന്തിക്കുന്നതും. എനിക്ക് 24 വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അതിന് മുന്‍പ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ആര്‍ക്ക് വേണ്ടിയും ഈ പ്രൊഫഷനില്‍ നിന്നും മാറരുത് എന്ന് എന്റെ കൈയ്യില്‍ പിടിച്ച് പറഞ്ഞിരുന്നു. അഭിനയത്തില്‍ ഞാന്‍ വരരുതെന്ന് ആഗ്രഹിച്ച വ്യക്തിയാണ് അച്ഛന്‍. അതേ ആള്‍ തന്നെ ആ പ്രൊഫഷന്‍ വിടരുതെന്നും പറഞ്ഞു.

മകന്‍ ജനിച്ചതിന് ശേഷം ആയിരത്തില്‍ ഒരുവള്‍ എന്ന സീരിയലില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതൊരു അമ്മ കഥാപാത്രമാണ്. പക്ഷേ എന്റെ പേരില്‍ കുറച്ച് വിവാദങ്ങളൊക്കെ ഉണ്ടായത് കൊണ്ട് വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ആ ചാനലിലുള്ള ഒരു ഹെഡ് പറഞ്ഞത് എന്റെ പേഴ്‌സണല്‍ ജീവിതം നോക്കേണ്ടതില്ല. അവര്‍ ആ കഥാപാത്രത്തിന് ചേരുമോ എന്ന് നോക്കിയാല്‍ മതിയെന്ന്. അദ്ദേഹം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ താനിവിടെ എത്തില്ലായിരുന്നു. ആ വേഷം കണ്ടിട്ടാണ് പരസ്പരത്തിലേക്ക് എന്നെ വിളിക്കുന്നത്.

Share
Leave a Comment