മലയാളത്തിന്റെ സ്വന്തം വില്ലൻ അബു സലിം വെളളിത്തിരയിലെത്തിയിട്ട് നാൽപ്പത് വർഷത്തിൽ അധികമായി. പ്രായം അറുപത് പിന്നിട്ടിട്ടും ഇരുപതുകാരന്റെ ഫിറ്റ്നസ് അദ്ദേഹം നിലനിർത്തുന്നത് കഠിനമായ വ്യായാമത്തിലൂടെയാണ്. ചെറുപ്പക്കാരുടെ സ്വപ്നമായ മിസ്റ്റർ ഇന്ത്യ എന്ന ടൈറ്റിൽ വരെ സ്വന്തമാക്കിയ കലകാരനാണ് അബു സലീം. മമ്മൂട്ടിക്കൊപ്പം വില്ലനായും സഹനടനായും നിരവധി ചിത്രങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ള അബു സലീം മമ്മൂട്ടി-അമൽനീരദ് കൂട്ടുകെട്ടിൽ പിറന്ന ഭീഷ്മപർവ്വത്തിലും അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ അബു സലിം ഭീഷ്മപർവത്തിലേക്ക് എത്തിയതിനെ കുറിച്ചും മമ്മൂട്ടിക്കൊപ്പമുള്ള സിനിമാ അനുഭവത്തെ കുറിച്ചും പങ്കുവയ്ക്കുകയാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ.
അബു സലിമിന്റെ വാക്കുകൾ :
‘അമൽ നീരദിന്റെ ഒരു പടത്തിൽ അഭിനയിക്കണം എന്നൊരു ആഗ്രഹം വളരെ കാലമായി ഉണ്ടായിരുന്നു. നല്ലൊരു വേഷം വെച്ചിട്ടുണ്ട് എന്ന് എന്നോട് ആദ്യമെ പറഞ്ഞിരുന്നു. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് മാസം മുമ്പ് അമൽ വിളിച്ച് താടിയും മുടിയും വളർത്താൻ ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ രണ്ടുമാസക്കാലം താടിയും മുടിയുമൊക്കെ വളർത്തി.
പക്ഷേ തീരുമാനിച്ച സമയത്ത് ഷൂട്ടിങ് തുടങ്ങാൻ കഴിഞ്ഞില്ല. കോവിഡ് കാരണം പ്രതീക്ഷിച്ചതിലും ഒന്നുരണ്ടു മാസം കഴിഞ്ഞാണ് ഷൂട്ടിങ് തുടങ്ങിയത്. ഞാൻ ലൊക്കേഷനിൽ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു ശിവൻകുട്ടി എന്ന കഥാപാത്രം തന്നെയാണ് ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നത് എന്ന്. എന്റെ കഥാപാത്രത്തിന് ഇത്രത്തോളം പ്രാധാന്യമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഷൂട്ടിങ് തീരാറായപ്പോഴാണ് ഏകദേശരൂപം കിട്ടിയത്. എന്റെ കരിയറിലെ ഏറ്റവും നല്ല വേഷമായിരുന്നു ഭീഷ്മപർവ്വത്തിലേത്. മമ്മൂക്കയോടൊപ്പം 1992 മുതൽ ഒരുമിച്ചഭിനയിക്കുന്നതാണ്. സിനിമയിലേക്കാൾ അപ്പുറത്തുള്ള ഒരു വ്യക്തിബന്ധം മമ്മൂക്കയുമായിട്ടുണ്ട്. സിനിമ ഇല്ലെങ്കിലും വിളിക്കുകയും സ്നേഹം പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്. പ്രജാപതിയിലെ കാട്ടി പോലെ ഉള്ള ഒരു കഥാപാത്രമാണ് ഇതും. പക്ഷേ ഇതിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ആക്‌ഷൻ സീനുകളിൽ ഒന്നും പങ്കെടുക്കാതെ മമ്മൂക്കയുടെ ആജ്ഞാനുവർത്തിയായി ഒപ്പം നിൽക്കുന്ന കഥാപാത്രമാണ് എന്നതാണ്.
അത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. എന്റെ കഥാപാത്രം അതിഭാവുകത്വമില്ലാതെ തന്മയത്തത്തോടെ ചെയ്യാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. മമ്മൂക്കയുടെ നിർദേശങ്ങളും അഭിപ്രായങ്ങളും എന്റെ കഥാപാത്രത്തെ മെച്ചപ്പെടുത്താൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. എനിക്ക് ഇതുവരെ ഒരു സിനിമയ്ക്കും കിട്ടാത്ത പ്രതികരണങ്ങളാണ് ഭീഷ്മ ഇറങ്ങിയപ്പോൾ കിട്ടിയത്. നടന്മാരും സംവിധായകരും സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം വിളിച്ച് എന്റെ കഥാപാത്രത്തെപ്പറ്റിയുള്ള അഭിപ്രായം പറയുന്നുണ്ട്. അൽഫോൻസ് പുത്രന്റെ ഗോൾഡ്, ജോജു ജോർജ് നായകനാകുന്ന പുലിമട, കടുവ തുടങ്ങിയ ചിത്രങ്ങൾ വരുന്നുണ്ട്. കടുവയാണ് ഇപ്പോൾ പൂർത്തിയാക്കിയത്. കോവിഡ് കാരണം റിലീസ് താമസിച്ച ചിത്രങ്ങളുണ്ട്.
Post Your Comments