ഏത് ജോലി ചെയ്താലും തനിക്ക് സംതൃപ്തിയാണ് പ്രധാനം. അതിനാൽ തന്നെ അഭിനയകലയിലേക്ക് ചേക്കേറിയതിൽ വളരെയധികം സന്തോഷവതിയാണെന്ന് ശൈലജ. മലയാളത്തിലെ അനുഗ്രഹീത നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ഇളയ മകളാണ് ശൈലജ. വൈകിയാണ് അച്ഛന്റെയും സഹോദരങ്ങളുടെയും പാത പിന്തുടരാൻ ശൈലജ തീരുമാനിക്കുന്നത്. കെ.കെ. രാജീവിന്റെ ’അന്ന കരിനീന’യിൽ തുടങ്ങി, ’അമ്മ അറിയാതെ’, ’പ്രണയവർണങ്ങൾ’ തുടങ്ങിയ സീരിയലുകളും ദുൽഖർ സൽമാന്റെ ’സല്യൂട്ട്’, ജോജു ജോർജിന്റെ ’ഒരു താത്വിക അവലോകനം’,അജി ജോൺ, ഐ. എം. വിജയൻ എന്നിവർക്കൊപ്പം ’സിദ്ദി’ എന്നീ സിനിമകളും ചെയ്തു. കൂടാതെ, മനം അകലെ എന്ന മ്യൂസിക് ആൽബത്തിൽ മറവിരോഗം ബാധിച്ച അമ്മയുടെ വേഷം ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയ ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് ശൈലജ സംസാരിക്കുകയാണ് കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ.
ശൈലജയുടെ വാക്കുകൾ :
‘അച്ഛന്റെ മകൾ എന്ന ധൈര്യം പോരെ നിനക്ക്’ എന്ന നടൻ മുകേഷിന്റെ സഹോദരി സന്ധ്യാ രാജേന്ദ്രന്റെ വാക്കുകളാണ് എനിക്ക് അഭിനയ രംഗത്തേക്ക് വരാൻ കരുത്തേകിയത്. അഭിനയരംഗത്തേക്ക് വരണമെന്ന ഒരു ചിന്തയും എനിക്കില്ലായിരുന്നു. കുടുംബജീവിതവും ജോലിയും നന്നായി കൊണ്ട് പോകാനുള്ള അന്തരീക്ഷം വേണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ഒരാൾക്ക് അവരുടേതായ സ്വകാര്യത കാണുമല്ലോ. ഒന്ന് സ്വസ്ഥമായി അമ്പലത്തിലേക്ക് പോകാനോ അല്ലെങ്കിൽ ഒരു സിനിമ കാണാനോ പറ്റാത്തത്ര ബുദ്ധിമുട്ട് ആയിരിക്കും എന്നായിരുന്നു എന്റെ മനസിൽ. അച്ഛനും ചേട്ടനും (സായ് കുമാർ) ചേച്ചിയ്ക്കും (ശോഭ മോഹൻ) ആ സ്വകാര്യത നഷ്ടപ്പെടുന്നത് കണ്ടാണ് ഞാൻ വളർന്നത്. ഇതെല്ലാം അറിയുന്നത് കൊണ്ടായിരിക്കാം എനിക്ക് സിനിമ മേഖലയോട് വലിയ താത്പര്യം ഇല്ലായിരുന്നു.
മാത്രമല്ല, വീട്ടിൽ അച്ഛനും അമ്മയ്ക്കും ചേട്ടനും പെൺകുട്ടികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നത് താത്പര്യമില്ലായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് നായികയാകാൻ വിളിച്ചിരുന്നെങ്കിലും അത് വേണ്ടെന്ന് വെച്ചു. പഠിച്ചു കഴിഞ്ഞുടനെ ജോലി കിട്ടി, പിന്നാലെ കല്യാണവും. 18 വർഷം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് രംഗത്തായിരുന്നു ജോലി. ആ ജോലിയിൽ സംതൃപ്തയായിരുന്നു. നടുവേദനയുടെ ചികിത്സയ്ക്കായി നീണ്ട അവധി എടുക്കേണ്ടി വന്നു. ആ സമയത്താണ് കൊവിഡിന്റെ ആരംഭം. വീണ്ടും ജോലിയിലേക്ക് തിരിച്ചുപോയില്ല. അപ്പോഴാണ് സന്ധ്യച്ചേച്ചി സീരിയലിൽ അതിഥി വേഷം ചെയ്യാമോ എന്ന് ചോദിക്കുന്നതും പ്രചോദനം നൽകി എന്നെ സമ്മതിപ്പിക്കുന്നതും.
ആദ്യത്തെ സീരിയൽ കണ്ട് സഹോദരിമാർ എല്ലാവരും അഭിപ്രായം പറഞ്ഞു. മെച്ചപ്പെടുത്തേണ്ട ഭാഗങ്ങൾ ചൂണ്ടിക്കാട്ടി. സംസാരിക്കുമ്പോൾ ഒരു ചുണ്ടുപിടിത്തമുണ്ട്, ഇടയ്ക്ക് താഴോട്ട് നോക്കുന്നുണ്ട് എന്നെല്ലാം എന്നോട് പറഞ്ഞിരുന്നു. ആദ്യത്തേതിനെ അപേക്ഷിച്ച് ഇപ്പോൾ നല്ല മികവുണ്ടെന്നാണ് എല്ലാവരുടെയും അഭിപ്രായം. അങ്ങനെ ആണല്ലോ, ഓരോ ദിവസം കഴിയുംതോറും മെച്ചപ്പെട്ടു വരും. അച്ഛന്റെയും സഹോദരങ്ങളുടെയും പേര് ഞാനായിട്ട് കളയുമോ, അവർക്ക് നാണക്കേടാകുമോ എന്ന ഭയം ഉണ്ടായിരുന്നു. സായിയും ശോഭേച്ചിയും നാടകങ്ങളിലെല്ലാം അഭിനയിച്ച് ഒരുപാട് അനുഭവസമ്പത്ത് ഉള്ളവരാണ്. അവർ നല്ലത് പറയുമ്പോൾ സന്തോഷം.
Post Your Comments