അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് താൻ ഇരിക്കുന്നത് തന്റെ ഭാര്യ ആലീസിന് ഇഷ്ടമായിരുന്നില്ല എന്ന് നടൻ ഇന്നസെൻറ്. മൂന്ന് വർഷത്തോളം തുടർച്ചയായി പ്രസിഡന്റ് സ്ഥാനം കിട്ടിയപ്പോൾ താൻ ഒരു അധികാരമോഹിയാണെന്ന് വരെ ഭാര്യ പറഞ്ഞു എന്നാണ് താരം പറയുന്നത്. അമ്മയുടെ പ്രസിഡന്റായിരുന്ന കാലത്ത് നടന്ന ചില രസകരമായ അനുഭവങ്ങൾ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇന്നസെന്റ് തുറന്ന് പറഞ്ഞിരിക്കുന്നത്.
ഇന്നസെന്റിന്റെ വാക്കുകൾ :
‘തുടരെ തുടരെ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് ഞാൻ ഇരിക്കുന്നത് എന്റെ ഭാര്യ ആലീസിന് ഇഷ്ടമായിരുന്നില്ല. മൂന്ന് വർഷത്തോളം തുടർച്ചയായി ഞാൻ ആ പദവി വഹിച്ചു. അങ്ങനെ പുതിയ തെരഞ്ഞെടുപ്പ് വന്നു. അന്ന് അമ്മയുടെ മീറ്റിങിന് പോകാനിറങ്ങുമ്പോൾ ആലീസ് എന്നോട് പറഞ്ഞത് ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കരുത് എന്നാണ്. മറ്റുള്ളവരും ആ സ്ഥാനം അലങ്കരിക്കട്ടെ എന്ന പക്ഷമായിരുന്നു ആലീസിന്. ഞാനും അത് ശരിവെച്ച് മത്സരിക്കില്ലെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
അമ്മയുടെ ഓഫീസിലെത്തിയപ്പോഴേക്കും എല്ലാവരും കൂടെ തെരഞ്ഞെടുപ്പ് പോലും നടത്താതെ എന്നെ വീണ്ടും പ്രസിഡന്റാക്കി. ഞാൻ തിരികെ വീട്ടിലെത്തി. ഒപ്പം ഇടവേള ബാബുവും ഉണ്ടായിരുന്നു. വീട്ടിൽ എത്തിയതും ഇടവേള ബാബു ആലീസിനോട് പറഞ്ഞു. ഞാൻ വീണ്ടും പ്രസിഡന്റായ അന്ന് അവൾ എന്ന നോക്കിയ നോട്ടം കണ്ട് ഇടവേള ബാബു പറ പറന്നു. ആ വഴിക്ക് പിന്നെ അവൻ വന്നിട്ടില്ല. ഞാൻ ഒരു അധികാരമോഹിയാണെന്ന് വരെ ആലീസ് പറഞ്ഞു.
അമ്മയിലെ മുതിർന്ന അംഗങ്ങളെ സഹായിക്കുന്നതിന് പെൻഷൻ, ഇൻഷൂറൻസ് പോലുള്ളവയുണ്ട്. അതിന് പണം കണ്ടെത്താൻ വേണ്ടിയാണ് കൂടിയാലോചിച്ച് ട്വന്റി ട്വൻി സിനിമ എടുത്തത്. ദിലീപാണ് നിർമാണം ഏറ്റെടുത്തത്. മുൻനിര താരങ്ങളടക്കം നിരവധി പേർ സിനിമയുടെ ഭാഗമായിട്ടുണ്ട്. എന്നാൽ താരങ്ങൾക്ക് തമ്മിൽ തമ്മിൽ ഈഗോയുണ്ട്. അതുകൊണ്ട് ഒരാൾ വരുമ്പോൾ മറ്റെയാൾ ഒഴിവ് പറഞ്ഞ് പിന്മാറുന്ന സ്ഥിതിയുണ്ടായി. അങ്ങനെ ഷൂട്ടിങ് മുടങ്ങുമെന്ന സ്ഥിതിയായി. അന്ന് ആന്റണി പെരുമ്പാവൂർ, ദിലീപിന് ബുദ്ധിമുട്ടാണെങ്കിൽ താൻ നിർമിക്കാമെന്ന് പറഞ്ഞു. പക്ഷെ ദിലീപ് സമ്മതിച്ചില്ല. അന്ന് ഷൂട്ടിങ് മുടങ്ങുമെന്ന് ആയപ്പോൾ ഞാനാണ് മോഹൻലാലിന്റെ പേര് പറഞ്ഞ് നടന്മാരെ വിരട്ടി ഷൂട്ടിങിനെത്തിച്ചത്. ഞാൻ എന്ത് ഐഡിയ ഉപയോഗിച്ചാണ് നടന്മാരെ ഒരുമിപ്പിച്ച് ഷൂട്ടിങിനെത്തിച്ചതെന്ന് ഇടവേള ബാബു പലവട്ടം ചോദിച്ചിരുന്നു.’
Post Your Comments