കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ ഒരുപാട് താൽപര്യമാണ്, എന്നാൽ റോളുകൾ കിട്ടുന്നില്ല : ഇന്ദ്രജിത്ത്‌

നായകനാണെങ്കിലും, വില്ലനാണെങ്കിലും, ഹാസ്യ കഥാപാത്രമാണെങ്കിലും തന്റെ കയ്യിലെത്തുന്ന വേഷങ്ങളോട് നൂറ് ശതമാനം നീതി പുലർത്തുന്ന നടനാണ് ഇന്ദ്രജിത്ത് സുകുമാരൻ. മലയാള സിനിമയിലെ ഏറ്റവും അണ്ടർറേറ്റഡ് ആയ നടനാണ് ഇന്ദ്രജിത്ത് എന്ന് പലരും പറയാറുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ,തെലുങ്കു ഭാഷകളിലും സാന്നിധ്യമറിയിച്ച ഇന്ദ്രജിത്ത്‌ ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വന്നത്. മീശമാധവനിലെ ഈപ്പൻ പാപ്പച്ചി, റൺവേയിലെ ബാലു, ക്ലാസ്മേറ്റ്സിലെ പയസ് എന്നീ ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയങ്കരനായി.

നൈറ്റ് ഡ്രൈവിനെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് താരം ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ. തനിക്ക്‌ കോമഡി കഥാത്രങ്ങൾ ചെയ്യാൻ ഒരുപാട് താൽപര്യമാണെങ്കിലും പത്ത് സിനിമകൾ ചെയ്താൽ മാത്രമാണ് ഒരു ഇത്തരം കോമഡി റോളുള്ള സിനിമകൾ വരുന്നത് എന്നാണ് താരം പറയുന്നത്.

ഇന്ദ്രജിത്തിന്റെ വാക്കുകൾ :

‘ത്രില്ലർ സ്വഭാവമുള്ള സിനിമയാണ്. ഒരു രാത്രി നടക്കുന്ന സംഭങ്ങളാണ് സിനിമയുടെ കഥ. ഒരു വിഭാ​ഗത്തിന് വേണ്ടി മാത്രമുള്ള സിനിമയല്ല. എല്ലാവർക്കും കുടുംബസമേതം കാണാം.

ഇപ്പോൾ തുടരെ തുടരെ നിരവധി പൊലീസ് വേഷങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എനിക്ക് കോമഡി കഥാത്രങ്ങൾ ചെയ്യാൻ ഒരുപാട് താൽപര്യമാണ്. പക്ഷെ പത്ത് സിനിമകൾ ചെയ്താൽ മാത്രമാണ് അതിൽ ഒരെണ്ണം ഇത്തരം കോമഡി റോളുള്ള സിനിമകൾ വരുന്നത്. അമർ അക്ബർ അന്തോണി ചെയ്ത സമയത്ത് അന്തോണി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും പക്ഷെ പിന്നീട് അത്തരത്തിലുള്ള റോളുകൾ വന്നിട്ടില്ല. ലോക്ക് ഡൗണിന് മുമ്പ് റാമിന്റെ ഷൂട്ടിങിന് വേണ്ടി ലണ്ടനിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു. പക്ഷെ ലോക്ക് ഡൗൺ കാരണം അതെല്ലാം മുടങ്ങി. ജൂൺ‌, ജൂലൈ ആകുമ്പോൾ ചിത്രീകരണം വീണ്ടും തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്’.

 

Share
Leave a Comment