നീണ്ടകാലത്തെ വിശ്രമജീവിതത്തിനു ശേഷം അഭിനയത്തിലേക്ക് തിരികെ എത്തുകയാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍. 2012ല്‍ തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ കാർ അപകടത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയതിനെ തുടർന്നായിരുന്നു ജഗതി സിനിമയിൽ നിന്നും മാറിനിന്നത്. മമ്മൂട്ടി- മധു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിബിഐ അഞ്ചിലൂടെയാണ് ജഗതി വീണ്ടും അഭിനയത്തിലേയ്ക്ക് എത്തുന്നത്. ഇപ്പോഴിതാ, ഫ്ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുത്ത ജഗതിയുടെ മകള്‍ പാര്‍വ്വതി ഷോണ്‍ ആ അപകട ദിവസത്തെയും അത് കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചു തുറന്നു പറയുന്ന വാക്കുകൾ ശ്രദ്ധനേടുന്നു.
read also: വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം: താരദമ്പതിമാർ പിണങ്ങിയോ? തെളിവുമായി ആരാധകർ
പാർവതിയുടെ വാക്കുകൾ ഇങ്ങനെ.. ‘പപ്പയ്ക്ക് അപകടം നടക്കുന്ന ആ ദിവസം എല്ലാം ദുശ്ശകുനം ആയിരുന്നു. പൂജാമുറിയ്ക്ക് യാതൊരു പ്രകോപനവും ഇല്ലാതെ തീ പിടിച്ചിരുന്നു. ആ ദിവസം ഇപ്പോഴും ഓര്‍മയുണ്ട്. പപ്പ വിളിച്ച് പറഞ്ഞിട്ട് ഞാനും വീട്ടില്‍ എത്തിയിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് വരാം എന്നാണ് പറഞ്ഞിരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് കൊണ്ട് പപ്പയെ തിരിച്ച് വിളിച്ച് കാര്യം അന്വേഷിക്കാന്‍ സാധിക്കില്ല. ഡ്രൈവര്‍ അങ്കിളിനെ വിളിച്ചാണ് പപ്പ എവിടെ എത്തി എന്നൊക്കെ അറിയുന്നത്. അന്ന് പക്ഷെ വണ്ടി ഓടിച്ചത് പപ്പയുടെ ഡ്രൈവര്‍ ആയിരുന്നില്ല. പ്രൊഡക്ഷനിലെ ഡ്രൈവറാണ്.
പപ്പ ഷൂട്ടിങ് കഴിഞ്ഞ് വളരെ അധികം ക്ഷീണിച്ചിരുന്നു. പിന്‍ സീറ്റില്‍ ഉറങ്ങുകയായിരുന്നു. സീറ്റ് ബെല്‍റ്റ് എല്ലാം ധരിച്ചിരുന്നു. പക്ഷെ എന്താണെന്ന് വച്ചാല്‍ ആ കാറില്‍ എയര്‍ബലൂണ്‍ സംവിധാനം ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ ഉറങ്ങി പോയതാണെന്നാണ് പറയുന്നത്. അച്ഛന്റെ ഒരു സുഹൃത്താണ് ഞങ്ങളെ ആദ്യം വിളിച്ചത്, അമ്പിളി ചേട്ടന് എന്താ പറ്റിയത് എന്ന് ചോദിച്ചു. ‘പപ്പയ്ക്ക്, പപ്പയ്ക്ക് എന്താണ്’ എന്ന് ഞങ്ങള്‍ തിരിച്ച് ചോദിക്കുമ്പോഴേക്കും കാള്‍ കട്ടായി. പിന്നെ തുരുതുരാ കോളുകള്‍. ടിവി തുറന്നപ്പോള്‍ അതിലും.
മിംമ്‌സ് ആശുപത്രിയില്‍ എത്തിയപ്പോഴും പപ്പയ്ക്ക് ചെറിയ എന്തോ അപകടം ആണെന്നാണ് കരുതിയത്. കുഴപ്പം ഒന്നുമില്ല തിരിച്ച് വരും. പക്ഷെ കണ്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കണ്ണിന്റെ പുരികം മാത്രമേ അനങ്ങുന്നുണ്ടായിരുന്നുള്ളൂ. അവിടെ നിന്ന് പപ്പ ഇവിടെ വരെ എത്തിയില്ലേ. ഇനി എഴുന്നേറ്റ് നടക്കും. എനിക്ക് വിശ്വാസമുണ്ട്.
ഏറ്റവും അധികം വേദനിപ്പിച്ചത് ചിലരുടെ ചോദ്യങ്ങളാണ്, എങ്ങിനെ വല്ല രക്ഷയുമുണ്ടോ.. ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ല. മരിച്ചു എന്ന് പറഞ്ഞവരുണ്ട്. വീട്ടുകാര്‍ കൊല്ലാന്‍ ശ്രമിച്ചു എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നവര്‍ക്ക് അറിയില്ല ഞങ്ങളുടെ വേദന. അച്ഛന്റെ അവസ്ഥ കാണാന്‍ പറ്റാത്തത് കൊണ്ട് അടുത്ത സുഹൃത്തുക്കള്‍ പലരും വരാതിരുന്നിരുന്നു. അതില്‍ ഒന്നും സങ്കടം ഉണ്ടായിരുന്നില്ല’- പാര്‍വ്വതി പറഞ്ഞു
Post Your Comments