ഉയരെ, കാണെക്കാണെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രുതി വിപിൻ. അഭിനയത്തിനൊപ്പം മോഡലിങിലും സജീവമാണ് ശ്രുതി. മകൾക്ക് ഡൗൺ സിൻഡ്രോം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതലുള്ള ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രുതി ഇപ്പോൾ.
പൊതുവെ ഡൗൺ സിൻഡ്രോം ഉള്ള കുട്ടികളേയും മാതാപിതാക്കളേയും സമൂഹം പോലും സഹതാപത്തോടെയാണ് നോക്കുക. ഡൗൺ സിൻഡ്രോം ഉള്ള കുഞ്ഞാണെന്ന് തിരിച്ചറിയുമ്പോൾ മുതൽ മാതാപിതാക്കളും തന്റെ കുഞ്ഞിനെ ശുശ്രൂഷിക്കാനും അവനെ അല്ലെങ്കിൽ അവളെ പരിചരിക്കാനുമായി എല്ലാം മാറ്റിവെച്ച് ഇറങ്ങും. ഇവിടെയാണ് ശ്രുതി വിപിൻ എന്ന അഭിനേത്രി വ്യത്യസ്തയാകുന്നത്. കുഞ്ഞിന് അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ പരിതപിക്കാതെ മുന്നോട്ട് പോയി ഉത്തരവാദിത്വത്തിൽ ശോഭിച്ച് സ്വന്തം ജീവിതം ജീവിക്കാനും മറക്കാതിരിക്കുകയായിരുന്നു ശ്രുതി ചെയ്തത്.
ശ്രുതിയുടെ വാക്കുകൾ :
‘ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാതെ മകൾ പിറന്നു. ശ്രിയ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പ്രസവിച്ച ശേഷം കുഞ്ഞിനെ അവർ കൈയ്യിൽ തന്നില്ല. എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന ചിന്ത അപ്പോഴെ ഉള്ളിൽ ഉണ്ടായിരുന്നു. ഗൂഗിളിൽ തിരഞ്ഞപ്പോൾ കണ്ട എല്ലാ ലക്ഷണങ്ങളും കുഞ്ഞിനുണ്ട്. കുഞ്ഞിന് ഡൗൺ സിൻഡ്രോം. കുട്ടികൾക്ക് ഏതെങ്കിലും വിധത്തിലുള്ള രോഗങ്ങളോ പ്രശ്നങ്ങളോ ഉണ്ടോ എന്നറിയാനുള്ള അനോമലി സ്കാൻ ചെയ്തതിൽ ഒരു കുഴപ്പവും പറഞ്ഞിരുന്നില്ല. പ്രസവം കഴിഞ്ഞ് 21 ദിവസങ്ങൾക്ക് ശേഷം മുംബൈ ലാബിൽ നിന്നും ജനറ്റിക് ടെസ്റ്റ് റിസൽറ്റ് വന്നു. കുഞ്ഞിന് ഡൗൺ സിൻഡ്രോം തന്നെ. ആ ദിവസങ്ങൾ കടന്നുപോകാൻ പ്രയാസം ആയിരുന്നു. കുഞ്ഞിനെ കാണാൻ വരുന്നവരുടെ മുഖം വാടും. എന്താണ് പ്രശ്നം എന്നു ചോദിക്കാൻ ബുദ്ധിമുട്ടി അവരും പറയാൻ ബുദ്ധിമുട്ടി ഞങ്ങളും. രാവും പകലും ഞാൻ കരഞ്ഞു. എനിക്ക് എന്തിന് ഇങ്ങനെ ഒരു വിധി എന്ന് എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.
എന്തു തന്നെയായാലും നമ്മുടെ കുഞ്ഞാണ്. നമ്മൾ അവളെ നന്നായി വളർത്തും ഭർത്താവ് വിപിൻ എന്നോട് പറഞ്ഞു. എനിക്ക് ആ ധൈര്യം മതിയായിരുന്നു. സാവധാനം ഞാൻ കണ്ണുനീരിൽ നിന്നും പുറത്തു വന്നു. ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾ പലവിധ ടെസ്റ്റുകളിലൂടെ കടന്ന് പോകേണ്ടി വരും. അവൾ അതിനൊക്കെ ഒരു പ്രശ്നവുമില്ലാതെ സഹകരിച്ചിരുന്നു. അവളെ എങ്ങനെ പരമാവധി മിടുക്കിയാക്കാം എന്ന പഠനം ഞാനും തുടങ്ങി. മൂന്നാം മാസത്തിൽ ഞങ്ങൾ ഫിസിയോതെറപ്പി തുടങ്ങി. ഞങ്ങളുടെ ശ്രമം കൊണ്ട് സംസാരം ഒഴിച്ചുള്ള എല്ലാ കാര്യങ്ങളും അവൾ സാധാരണ കുട്ടികളെപ്പോലെ നേടിയെടുത്തു. സംസാരം വൈകിയപ്പോൾ നല്ല സ്പീച്ച് തെറപ്പിസ്റ്റിനെ കണ്ടെത്തി ഞാൻ അവളെ പരിശീലിപ്പിക്കാൻ പഠിച്ചു. ഇപ്പോൾ അവൾക്ക് നാലു വയസാണ്. ഓൺലൈൻ ക്ലാസിൽ ടീച്ചർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവൾ ഉത്തരം കൊടുക്കുമ്പോൾ എന്റെ മനസ് സന്തോഷം കൊണ്ട് നിറയും’.
Post Your Comments