Latest NewsNEWSTV Shows

സ്വന്തം ഭാര്യയെ തന്നെ നാല് തവണ വിവാഹം ചെയ്ത ആളാണ് ഞാൻ : വിനോദ് കോവൂര്‍

നാടകരംഗത്തിലൂടെ അഭിനയലോകത്ത് എത്തി മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിനോദ് കോവൂര്‍. മുപ്പത് വര്‍ഷത്തോളമായി കലാരംഗത്ത് സജീവമായ വിനോദ് മഴവില്‍ മനോരമ ചാനലില്‍ പ്രദര്‍ശിപ്പിക്കുന്ന മറിമായം എന്ന ഹാസ്യ സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. എന്നാൽ, മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിലെ എം80 മൂസ എന്ന കഥാപാത്രമാണ് പ്രേക്ഷക മനസ്സിൽ വിനോദിന് ഇടം നേടി കൊടുത്തത്. ഇന്ന് സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ് വിനോദ് കോവൂര്‍.

ഇപ്പോഴിതാ, തന്റെ കുടുംബവിശേഷം പങ്കുവെയ്ക്കുകയാണ് വിനോദ് മഴവില്‍ മനോരമയില്‍ ജഗദീഷ് അവതരിപ്പിയ്ക്കുന്ന ‘പടം തരും പണം’ എന്ന ഗെയിം ഷോയില്‍. തന്റെ ഭാര്യയെ നാല് തവണ വിവാഹം ചെയ്യാൻ സാധിച്ചുവെന്നാണ് താരം പറയുന്നത്.

വിനോദിന്റെ വാക്കുകൾ :

”അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അവരുടെ മക്കളും എന്റെ ഭാര്യയും അടങ്ങുന്നതാണ് തന്റെ കുടുംബം. അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അമ്മ ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് പോയത്. എനിക്കും ഭാര്യയ്ക്കും മക്കളില്ല. ഭാര്യയാണ് എന്റെ മകള്‍.

അപേക്ഷിച്ചാല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടാന്‍ അവസരമുള്ള ആളാണ് താനും ഭാര്യയും. പല തവണ പലരെയും വിവാഹം ചെയ്തവരുണ്ടാവും. എന്നാല്‍ വിനോദ് കോവൂര്‍ സ്വന്തം ഭാര്യയെ തന്നെ നാല് തവണ വിവാഹം ചെയ്ത ആളാണ്. ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണം എന്നായിരുന്നു എന്റെ ആഗ്രഹം. തുളസി മാല കഴുത്തിലിട്ട് വിവാഹം ചെയ്യണം എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷെ കല്യാണത്തിന്റെ സമയമായപ്പോള്‍, കാരണവന്മാര്‍ തീരുമാനിച്ചു, നാട്ട് നടപ്പ് പോലെ വധൂഗ്രഹത്തില്‍ നിന്ന് മാത്രം മതി എന്ന്. അങ്ങനെ ആദ്യത്തെ വിവാഹം ഭാര്യ വീട്ടില്‍ വച്ച് നടന്നു.

കല്യാണം കഴിഞ്ഞ് പതിനേഴ് കൊല്ലം കഴിഞ്ഞ്, പതിനെട്ടാമത്തെ വിവാഹ വാര്‍ഷികത്തിന് ഒരു മാസം മുന്‍പ് ഞങ്ങള്‍ മൂകാംബികയില്‍ പോയാപ്പോള്‍ ഒരു ജോത്സ്യനെ കണ്ടു. എവിടെ വച്ചായിരുന്നു വിവാഹം എന്ന് ചോദിച്ചു. ഭാര്യ വീട്ടിൽ നിന്നാണ് എന്ന് പറഞ്ഞപ്പോള്‍, മറ്റെവിടെയെങ്കിലും വച്ച് നടത്താന്‍ ആഗ്രഹിച്ചിരുന്നോ എന്ന് ചോദിച്ചു. ഞാന്‍ കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അങ്ങനെയെങ്കില്‍ വിനോദ് ഗുരുവായൂരില്‍ നിന്ന് ഒരിക്കല്‍ കൂടെ വിവാഹം ചെയ്യു എന്നായി അദ്ദേഹം.

കൈ നോക്കി പറഞ്ഞ കാര്യം എന്റെ വീട്ടിലും ഭാര്യ വീട്ടിലും അറിയിച്ചു. എനിക്ക് ഭയങ്കര സന്തോഷം തോന്നി. ആദ്യത്തെ കല്യാണം പോലെ എല്ലാ ഒരുക്കങ്ങളും നടത്തി. ആദ്യത്തെ കല്യാണത്തിന് എടുത്ത സാരി ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. രണ്ടാമത്തെ കല്യാണത്തിന് അവള്‍ക്ക് ഇഷ്ടപ്പെട്ട സാരിയെടുത്തു. ചെറിയ രീതിയില്‍ ഗുരുവായൂരില്‍ വച്ച് രണ്ടാമത്തെ കല്യാണം നടത്താം എന്നാണ് കരുതിയത്. പക്ഷെ അവിടെ എല്ലാവരും ഉണ്ടായിരുന്നു. അങ്ങനെ കല്യാണം കഴിഞ്ഞ് 18 വാര്‍ഷിക ദിവസം ഞാന്‍ എന്റെ ഭാര്യയെ രണ്ടാമതും വിവാഹം ചെയ്തു. പിന്നീട് മൂകാംബികയില്‍ വച്ചും ചോറ്റാനിക്കരയില്‍ വച്ചും മൂന്നാമത്തെയും നാലാമത്തെയും വിവാഹം നടന്നു’.

 

shortlink

Related Articles

Post Your Comments


Back to top button