കൊച്ചി: 2005-ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് സൈജു കുറുപ്പ്. ഇപ്പോഴിതാ, നടന്റെ കരിയറിലെ നൂറാമത്തെ ചിത്രമായ ഉപചാരപൂര്‍വം ഗുണ്ടജയന്‍ തിയേറ്ററിലെത്തിയിരിക്കുകയാണ്. കരിയറിലെ ഈ നാഴികകല്ല് പിന്നിടുമ്പോള്‍ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ ആവേശത്തിലാണ് സൈജു കുറുപ്പ്.
കഴിഞ്ഞ 16 വര്‍ഷത്തെ യാത്ര നല്ല അനുഭവമായിരുന്നെന്നും പലതും പഠിക്കാന്‍ പറ്റിയെന്നും സൈജു പറഞ്ഞു. ഗുണ്ടജയന്‍ വരെയുള്ള 99 സിനിമകള്‍ തന്ന അനുഭവങ്ങളുടെ ഒരു പിന്‍ബലമാണ് തനിക്ക് കൈമുതലായുള്ളതെന്നും ഒരുപാട് കഷ്ടപാടുകള്‍ ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘എനിക്കെപ്പോഴും ഇഷ്ടം അല്‍പം സീരിയസായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ്. കാരണം, അതെനിക്ക് പെട്ടെന്ന് ചെയ്യാന്‍ പറ്റുന്ന ഒന്നാണെന്ന് തോന്നിയിട്ടുണ്ട്. പലരും പറഞ്ഞ് കേട്ടിട്ടില്ലേ ഹാസ്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന്. എന്നെ സംബന്ധിച്ച അത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍, ദൈവാനുഗ്രഹം കൊണ്ട് എനിക്ക് രണ്ട് തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ ഞാന്‍ വില്ലന്‍ വേഷം അവതരിപ്പിച്ചിട്ടുള്ളൂ. വില്ലന്‍ വേഷം ചെയ്തിരുന്ന ആള്‍ പിന്നീട് ഹാസ്യവേഷം അവതരിപ്പിക്കുന്ന പോലെയല്ല എന്റെ കാര്യത്തില്‍ സംഭവിച്ചത്. ചിലപ്പോള്‍ ഹ്യൂമര്‍ എന്റെ കണ്ണുകളിലോ ഞാന്‍ സംഭാഷണം അവതരിപ്പിക്കുന്നതിലോ ഉണ്ടായിരിക്കും. അതുപോലെ,
പലരും പറഞ്ഞ് കേട്ടിട്ടുള്ള ഒന്നാണ് എന്റെ കണ്ണിന്റെ കാര്യം. അത് ദൈവാനുഗ്രഹമാണ്. കണ്ണുകൊണ്ട് നിങ്ങളെ ചിരിപ്പിക്കുന്നത് ബോധപൂര്‍വമല്ല, സംഭവിച്ച് പോവുന്നതാണ്. അല്ലാതെ കണ്ണ് വെച്ച് കോമഡി കാണിക്കണം എന്ന് ഞാന്‍ കരുതിയിട്ടില്ല. കണ്ണ് നല്ല വലുതായത് കാരണം കണ്ണിന്റെ ചലനങ്ങളും ചേഷ്ഠകളുമെല്ലാം ആളുകള്‍ക്ക് നന്നായി കാണാനാകും. ക്ലോസപ്പ് ഷോട്ടൊക്കെ ചെയ്യുമ്പോള്‍ ആളുകള്‍ക്ക് തോന്നുന്നതാണ് ഞാന്‍ കണ്ണുകൊണ്ട് അഭിനയിക്കുന്നതാണെന്ന്’- സൈജു പറഞ്ഞു.
Post Your Comments