കൊച്ചി: ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ യുവ താര നിരയിലേക്ക് എത്തിയ നടനാണ് ധ്രുവന്‍. ക്വീനിന്റെ വിജയത്തിന് ശേഷം മമ്മൂട്ടിയുടെ മാമാങ്കം എന്ന ചിത്രത്തില്‍ ധ്രുവന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചെങ്കിലും പിന്നീട് ഒഴിവാക്കപ്പെട്ടിരുന്നു. മാമാങ്കത്തിനു വേണ്ടി മറ്റു ചിത്രങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ലെന്നും താരം പറയുന്നു.
ചിത്രത്തിനായി കഠിനാദ്ധ്വാനം ചെയ്തും കളരി പഠിച്ചുമൊക്കെയായിരുന്നു ശരീരം യോദ്ധാക്കളുടേതിന് സമമാക്കിയെടുത്തതെന്ന് ധ്രുവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മാമാങ്കം സിനിമയുടെ ചിത്രീകരണം പാതി വഴി പിന്നിട്ടപ്പോള്‍ ഒഴിവാക്കപ്പെട്ടത് തന്നെ പഠിപ്പിച്ചത് വലിയൊരു പാഠമാണെന്ന് ഇപ്പോൾ ധ്രുവന്‍ പറയുന്നു.
‘മാമാങ്കം സിനിമ നല്‍കിയത് നല്ലൊരു പാഠം ആയിരുന്നു. ആ സംഭവത്തോട് കൂടി സിനിമ മേഖലയെ കുറിച്ച് കൂടുതല്‍ കാര്യം മനസിലായി. സിനിമ കിട്ടാതെ വന്നപ്പോള്‍ ബൈക്കില്‍ ഇരുന്ന് അലറി കരഞ്ഞു. മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പറ്റില്ലല്ലോ എന്നതായിരുന്നു തന്റെ ഏറ്റവും വലിയ വിഷമം.’ ധ്രുവന്‍ പറഞ്ഞു.
‘മാമാങ്കത്തില്‍ നിന്നും തന്നെ ഒഴിവാക്കുകയാണെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് വിളിച്ച് അറിയിച്ചത്. തന്നെ ചിത്രത്തില്‍ നിന്ന് മാറ്റിയതിന്റെ കാരണം അറിയില്ല, ചോദിച്ചിട്ടുമില്ല’. ധ്രുവന്‍ കൂട്ടിച്ചേർത്തു.
Post Your Comments