തിരുവനന്തപുരം: കരള്‍ രോഗ ബാധിതയായി ദീര്‍ഘനാളായി ചികിത്സയിലായിരുന്ന നടി കെപിഎസി ലളിതയ്ക്ക് ചികില്‍സാ സഹായം പ്രഖ്യാപിച്ചപ്പോള്‍ ഒരുവിഭാഗം എതിര്‍പ്പ് ഉയര്‍ത്തുകയും സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം നടത്തുകയും ചെയ്തത് വാർത്തയായിരുന്നു. രാഷ്ട്രീയ അനുഭാവം നോക്കി സർക്കാർ സാമ്പത്തിക സഹായം ചെയ്യുന്നു എന്നായിരുന്നു പ്രധാന വിമർശനം. പ്രമുഖ നേതാക്കള്‍ അടക്കം നടിയ്ക്കെതിരെ ആക്ഷേപം ഉന്നയിച്ചു. കെപിഎസി ലളിതയുടെ മരണാന്തരം ഇക്കാര്യം ഓര്‍ക്കുകയാണ് നടന് സുരേഷ് ഗോപി. കെപിഎസി ലളിതയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്കിയപ്പോള് സോഷ്യൽ മീഡിയയിൽ വന്ന ചില കമന്റുകള്‍ കണ്ടപ്പോള്‍ തനിക്ക് സഹിക്കാന്‍ പറ്റിയില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
‘ചേച്ചിയുടെ ജീവിത ചരിത്രം ചികഞ്ഞു നോക്കിയാല്‍ അതത്ര സുന്ദരമൊന്നുമല്ല. എനിക്ക് വിഷമം തോന്നിയ കാര്യമുണ്ട്. ചേച്ചിക്ക് കേരള സര്‍ക്കാര്‍ പിന്തുണ നല്കിയപ്പോള് സോഷ്യല്‍ മീഡിയയില്‍ വന്ന ചില കമന്റുകള്‍. അതു കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ഒരാളുടെ ഏറ്റവും നല്ല വര്‍ണശബളമായ ജീവിതത്തില്‍ പെട്ടന്നൊരു ഷിഫ്റ്റ് ഉണ്ടായി. ചേച്ചിയുടെ ജീവിതത്തിന്റെ അവസ്ഥ അങ്ങനെയായിരുന്നു. മലയാള ചലച്ചിത്രലോകത്തിന് ഇത്രയേറെ സംഭാവന നല്കിയ വ്യക്തി എന്ന നിലയ്ക്ക് ഗവണ്മെന്റ് എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചപ്പോള്‍, അതിനെ സമൂഹം എടുത്ത രീതി വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു.’ സുരേഷ് ഗോപി പറഞ്ഞു.
‘ഭരതേട്ടനില്ലാതെ, ഒരച്ഛന്റെ തുണയില്ലാതെ ഒരു മോനെയും മോളെയും വളര്‍ത്തി വലുതാക്കി അവരെ എത്തിക്കേണ്ടിടത്ത് എത്തിച്ചു. ചേച്ചി അത്രയും ശക്തയായി നിന്ന് ഒരുപാട് ജോലി ചെയ്തു. സ്ത്രീ ശാക്തീകരണത്തിന്റെയൊക്കെ ഒരു ബിംബം തന്നെയാണ് ലളിതച്ചേച്ചി. പക്ഷേ, കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല. അങ്ങനെ ആരുടെയും ദാനം കൈപ്പറ്റുന്ന ഒരു സ്ത്രീ അല്ല ചേച്ചി. ജീവിതത്തില്‍ ഒരുപാട് യാതനകള്‍ അനുഭവിച്ചിട്ടുണ്ട്. സുരേഷ് ഗോപി വ്യക്തമാക്കി.
Post Your Comments