‘ലാലേട്ടൻ ആറാടുകയാണ്’… സമൂഹ മാധ്യമങ്ങൾ നിറയെ ഈ ഡയലോഗ് ആണ്. മോഹൻലാൽ – ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പിറന്ന ആറാട്ടിന്റെ റിലീസിന് ശേഷം അഭിപ്രായം ചോദിച്ചെത്തിയ എല്ലാ മാധ്യമങ്ങളോടും മോഹൻലാൽ ആരാധകനായ സന്തോഷ് പറഞ്ഞ വാക്കുകളാണിത്. തിയേറ്ററിൽ നെയ്യാറ്റിൻകര ഗോപൻ ആറാടുമ്പോൾ തിയേറ്ററിന് പുറത്ത് സന്തോഷിന്റെ ‘ആറാട്ട്’ ആയിരുന്നു. സന്തോഷ് വർക്കി എന്നാണ് ഇദ്ദേഹത്തിന്റെ പേര്. സിനിമയെ കുറിച്ച് താൻ നിഷ്കളങ്കമായി പറഞ്ഞ അഭിപ്രായമായിരുന്നു അതെന്നും മദ്യപിച്ചിട്ടില്ല സിനിമ കാണാൻ പോയതെന്നും സന്തോഷ് ഒരു യുട്യൂബ് ചാനലിനോട് വ്യക്തമാക്കി.
Also Read:അതിരപ്പളളിയും മാരാരിക്കുളം ബീച്ചും ചുറ്റിക്കറങ്ങി സമാന്ത
‘നാലു വയസ്സു മുതൽ മോഹൻലാൽ ഫാൻ ആണ്. മനസ്സിൽ തോന്നിയത് പറഞ്ഞുവെന്നേയുള്ളൂ. എല്ലാ സിനിമകളും കാണാറുണ്ട്. മോഹൻലാൽ സിനിമകളോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് മാത്രം. ആറാട്ടിനെ കുറിച്ച് പറഞ്ഞത് നിഷ്കളങ്കമായിട്ടാണ്. അല്ലാതെ കള്ള് കുടിച്ചിട്ടൊന്നുമല്ല. മോഹൻലാലിന്റെ രാഷ്ട്രീയനിലപാടുകൾ കാരണം അദ്ദേഹത്തിന്റെ സിനിമകൾക്കെതിരെ ഇപ്പോൾ ചില ക്യാംപെയ്നുകൾ നടക്കുന്നുണ്ട്. ട്രോളുകൾ എല്ലാം കണ്ടു, തമാശ ആയിട്ട് തന്നെയാണ് അതെല്ലാം എടുക്കുന്നത്’, സന്തോഷ് പറയുന്നു.
എല്ലാ ചാനലുകളുടെ മുന്നിലും ആവേശത്തോടെ ഓടിനടന്ന് ചിത്രത്തെ കുറിച്ച് സംസാരിച്ച സന്തോഷിനെ ട്രോളന്മാർ പ്രശസ്തനാക്കുകയായിരുന്നു. സിനിമ അത്ര പോരെന്ന് പറയുന്നവർക്കെതിരെ ‘ഇത് ഹേറ്റ് ക്യാംപെയിൻ’ ആണെന്ന് പറയുന്ന ഇയാളുടെ വീഡിയോ വൈറലായിരിക്കുകയാണ്. എല്ലാ ക്യാമറകൾക്കും മുന്നിലെത്തി ‘രാജമാണിക്യം ഒന്നുമല്ല, ഇത് ലാലേട്ടന്റെ ആറാട്ടാണ്, ലാലേട്ടൻ നിറഞ്ഞ് ആറാടുകയാണ്’ എന്ന് പലതവണ വിളിച്ച് പറയുന്ന സന്തോഷിന്റെ വീഡിയോയ്ക്ക് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
Post Your Comments