കൊച്ചി: അന്തരിച്ച ചലച്ചിത്ര താരം കെപിഎസി ലളിതയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് പ്രിയതാരം മഞ്ജു വാര്യർ. അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാളാണ് യാത്രയാകുന്നതെന്നും ‘ചേച്ചീ’ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണെന്നും മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. ‘മോഹൻലാൽ ‘ എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട.
ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലെ ആശുപത്രിയിൽവെച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു.
Post Your Comments