കൊച്ചി: മലയാളത്തിന്റെ അഭിനയ പ്രതിഭ കെപിഎസി ലളിത വിടവാങ്ങി. 74 വയസ്സായിരുന്നു . മകന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ വച്ചായിരുന്നു അന്ത്യം. ദീർഘനാളുകളായി ചികിത്സയിൽ ആയിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. നാടകത്തിലൂടെയാണ് ലളിത അഭിനയരംഗത്തെത്തിയത്. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ.
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നു ജനിച്ച മഹേശ്വരിയമ്മയാണ് മലയാളത്തിന്റെ പ്രിയതാരമായി മാറിയത്. ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥ, എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പ്, കെപിഎസി തുടങ്ങിയവയിൽ പ്രവർത്തിച്ചു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു. നാടക അഭിനയകാലത്ത് തോപ്പിൽ ഭാസിയാണ് ലളിത എന്നു പേരിട്ടത്.
read also: റിലീസിന് മുന്നേ ‘ഗംഗുഭായ് കത്തിയവാഡി’ നിയമക്കുരുക്കിൽ: ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
1970 ൽ കെ എസ് സേതുമാധവൻ ഉദയായുടെ ബാനറിൽ ഒരുക്കിയ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു ലളിത സിനിമയിലേയ്ക്ക് എത്തിയത്. കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ, നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിതയ്ക്ക്.
ഭർത്താവായ ഭരതൻ ഒരുക്കിയ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് സംവിധാനം ചെയ്ത ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ മതിലുകളിൽ ശബ്ദസാന്നിധ്യമായി എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കഥ തുടരും’ എന്ന ആത്മകഥയിലൂടെ തന്റെ സിനിമാ ജീവിതത്തെയും ലളിത ആസ്വാദകർക്ക് മുന്നിൽ തുറന്നുവച്ചു. ഈ കൃതിക്ക് ചെറുകാട് പുരസ്കാരം ലഭിച്ചിട്ടുണ്ട്
Post Your Comments