കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ചോദ്യങ്ങൾ ചോദിക്കേണ്ടത് കോടതിയോടാണെന്ന് നടൻ ടൊവിനോ തോമസ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താര സംഘടനയെന്ന് അമ്മയുടെ എക്സിക്യൂട്ടീവ് അംഗം കൂടിയായ ടൊവിനോ പറയുന്നു. കേസിൽ ആക്രമിക്കപ്പെട്ട നടിക്ക് നീതി വൈകുന്നു എന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. നടിക്ക് നീതി വൈകുന്നു എന്ന കാര്യത്തിൽ ചോദ്യം ചെയ്യപ്പെടേണ്ടത് അമ്മ സംഘടനയല്ലെന്നും ചോദ്യം ചോദിക്കേണ്ടത് കോടതിയോട് ആണെന്നും ടൊവിനോ, തന്റെ പുതിയ സിനിമയായ ‘നാരദന്റെ’ പ്രൊമോഷനോടനുബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘നടിക്ക് നീതി വൈകുന്നു എന്നതില്‍ തീരുമാനം എടുക്കേണ്ടത് അമ്മ അല്ല. അക്കാര്യത്തില്‍ സംഘടനയേക്കാള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് കോടതിയാണ് എന്നാണ് എന്റെ വിശ്വാസം. അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമാണ് ഞാൻ, പക്ഷെ അമ്മയുടെ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് ഞാനല്ല. എനിക്ക് കിട്ടിയ വേദിയില്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യും. ഞാന്‍ പറയുന്നത് എന്റെ അഭിപ്രായം ആയിരിക്കാം, അതിന് മറ്റ് വശങ്ങള് ഉണ്ടായേക്കാം. എന്നാല്‍ എനിക്ക് തോന്നുന്ന, എന്റേതായ അഭിപ്രായങ്ങള്‍ ഞാൻ അമ്മയില്‍ പറയും. അമ്മ ഒരു നീതി ന്യായ വ്യവസ്ഥയല്ല. അത് കോടതിയാണ്. അക്രമിക്കപ്പെട്ട നടിക്ക് സംഘടനയില്‍ നിന്നും പിന്തുണ പ്രഖ്യാപിച്ച് എത്തിയവരെ കണ്ടില്ലെന്ന് നടിക്കരുത്’, ടൊവിനോ വ്യക്തമാക്കി.
അതേസമയം, ടൊവിനോയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നാരദൻ’ മാര്‍ച്ച് 3 ന് റിലീസ് ചെയ്യും. ‘വൈറസി’ന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാരദന്. ഒരു ടെലിവിഷന്‍ വാര്‍ത്താ ചാനലിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മാധ്യമപ്രവർത്തകൻ ആയിട്ടാണ് ടൊവിനോ വരുന്നത്. ഉണ്ണി ആര് രചന നിർവഹിക്കുന്ന ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായിക. ഇതാദ്യമായാണ് അന്നയും ടൊവിനോയും ഒന്നിക്കുന്നത്.
Post Your Comments