മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആറാട്ടിനെതിരെ വ്യാജ പ്രചാരണം നടത്തിയവർ കുടുങ്ങി. അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശികളായ അഞ്ച് യുവാക്കൾക്കെതിരെയാണ് കോട്ടയ്ക്കൽ പോലീസ് കേസെടുത്തത്. ആറാട്ട് കാണാൻ തിയേറ്ററിൽ ആളില്ല എന്ന തരത്തിലായിരുന്നു ഇവർ പ്രചാരണം നടത്തിയത്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ്. ആറാട്ട് സിനിമയ്‌ക്കെതിരെ ആസൂത്രിതമായ പ്രചാരണം ആണ് നടക്കുന്നതെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി. സിനിമ കാണാത്തവരാണ് സിനിമയ്‌ക്കെതിരെ അപവാദ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു.
അതേസമയം, ഫെബ്രുവരി 18ന് റിലീസ് ചെയ്ത ആറാട്ടിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ആരാധകര്‍ ഏറെ നാളായി കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണ് ചിത്രത്തിലേത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. തിരുവനന്തപുരത്തു നിന്നും പാലക്കാട് പാട്ടത്തിനെടുത്ത ഭൂമിയുമായി ബന്ധപ്പെട്ടുള്ള ഇടപാട് സംബന്ധിച്ചുള്ള ഗോപന്റെ യാത്രയോടെയാണ് ആറാട്ടിന് തുടക്കമാകുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ മികച്ച ആക്ഷന്‍ രംഗങ്ങളുമുണ്ട്. മാസ് മസാല ഗണത്തിൽ പെടുന്ന ചിത്രം മികച്ച വിജയമായി മുന്നേറുകയാണ്.
ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ രചന. ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Post Your Comments