കൊച്ചി: മലയാളി സിനിമാ പ്രേക്ഷകരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന പശ്ചാത്തല സംഗീതമാണ് മമ്മൂട്ടി നായകനായ സിബിഐ ചിത്രങ്ങളുടേത്. സിനിമയുടെ പശ്ചാത്തല സംഗീതജ്ഞനായ ശ്യാം ആണ് ആ ഈണത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചത് എന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന അറിവ്. എന്നാൽ, ലോക പ്രശസ്തനായ ഒരു സംഗീതജ്ഞന്റെ വിരൽത്തുമ്പിൽ നിന്നാണ് സിബിഐ ബിജിഎം പിറന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത.
‘സേതുരാമയ്യർ എന്ന കഥാപാത്രമായി വരുമ്പോൾ പശ്ചാത്തലത്തിൽ ഒരു ബിജിഎം വേണമെന്ന് മമ്മൂട്ടിക്കായിരുന്നു നിർബന്ധം. സംഗീത സംവിധായകൻ ശ്യാം അതു തന്റെ പ്രിയപ്പെട്ട അസിസ്റ്റന്റ് ദിലീപിനോടു പറഞ്ഞു. വ്യത്യസ്തമായൊരു ബീറ്റ് വേണം. അങ്ങനെ ദിലീപിന്റെ വിരലുകളിലാണ് ആ ബീറ്റ് ആദ്യം പിറന്നു വീണത്. ഒരു സിബിഐ ഡയറിക്കുറിപ്പിൽ മമ്മൂട്ടിയുടെ സേതുരാമയ്യർ നടന്നു വരുമ്പോൾ കേൾക്കുന്ന ആ ഈണം പിറന്നത് ദിലീപിന്റെ വിരൽത്തുമ്പിലാണ്. ശ്യാം ആ ഈണമാണു പിന്നീടു വികസിപ്പിച്ചത്. പിൽക്കാലത്ത് ഇതേ ദിലീപാണ് എആർ റഹ്മാനായി മാറിയത്’.
അമ്പരപ്പിക്കുന്ന ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്നത് സിബിഐ പരമ്പരകളുടെ തിരക്കഥാകൃത്തായ എസ്എൻസ്വാമിയാണ്. രമേശ് പുതിയമഠം എഴുതിയ ‘മമ്മൂട്ടി: നാട്യങ്ങളില്ലാതെ നിറക്കൂട്ടുകളില്ലാതെ’ എന്ന പുസ്തകത്തിലൂടെയാണ് അദ്ദേഹം ഈ ഓർമകൾ പങ്കുവച്ചിരിക്കുന്നത്.
Post Your Comments