ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് ആറാട്ട്. ആദ്യ പ്രദർശന ദിവസം തന്നെ മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കുന്നത്. എന്നാൽ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ നെഗറ്റിവ് ആയിട്ടുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഈ സംഭവങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് സുഭാഷ് നാരായൺ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമത്തിൽ വൈറൽ.
കുറിപ്പ് പൂർണ്ണ രൂപം
മോഹൻലാൽ എന്ന നടനെ ഇഷ്ടമാണ്. മറ്റെല്ലാ മലയാളികളെയുംപോലെ അദ്ദേഹത്തിന്റെ സിനിമകൾ ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്.
മനസിലാക്കിയിടത്തോളം മോഹൻലാലിന് അന്തരിച്ച കോൺഗ്രസ് നേതാവ് ശ്രീ കെ കരുണാകരനോട് ആയിരുന്നു ഏറ്റവും അടുപ്പം, നിലവിൽ അയാൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോടും പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും കൂടുതൽ ബഹുമാനം കാണിക്കുന്നതായി കണ്ടിട്ടുണ്ട്.
അതിനപ്പുറം എന്തെങ്കിലും രാഷ്ട്രീയ അനുഭാവം ഉണ്ടെന്ന് തോന്നിയിട്ടില്ല. എങ്കിലും ചിലപ്പോഴൊക്കെ അയാളുടെ നിലപാടിനെ വിമർശന വിധേയമാക്കിയിട്ടുമുണ്ട്. ഇനിപ്പറയുന്നത് കുറച്ചു ഗൗരവതരമായ വിഷയമാണ്.കഴിഞ്ഞകുറച്ചു കാലമായി അദ്ദേഹത്തിന്റെതായി വരുന്ന സിനിമകൾക്ക് നേരെ ചിലർ മുൻവിധികളോട് സമീപിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്.കേവലം ഫാൻ ഫൈറ്റുകൾക്ക് അപ്പുറം വർഗ്ഗീയ വിഷയമായി ഉയർത്തിക്കൊണ്ടുവരാൻ ചിലർ ബോധപൂർവമായി ശ്രമിക്കുന്നുണ്ട് എന്നാണ് മനസിലാവുന്നത്.
മോഹൻലാലിനെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കാൻ ഏറ്റവും വൃത്തികെട്ട കളി നടത്തുന്ന ‘സംഘ ‘വും അങ്ങേരെ സംഘ് ആക്കിയേ അടങ്ങൂ എന്ന് കച്ചകെട്ടി ഇറങ്ങിയ ചില പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാരെയും ഒരു പോലെ സൂക്ഷിക്കണം എന്നാണ് അഭിപ്രായം. മോഹൻലാലിനെ ചൂണ്ടി വിഭജന രാഷ്ട്രീയം പ്രചരിപ്പിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവരെ തിരിച്ചറിയാനുള്ള വിവേകം മലയാളികൾ കാണിക്കണം.
Post Your Comments