കൊച്ചി: തീയറ്ററുകളിൽ മികച്ച വിജയം നേടി ഒടിടിയിൽ റിലീസായിരിക്കുകയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷം ചെയ്ത ഹൃദയം എന്ന ചിത്രം. ഒടിടിയില്‍ റിലീസ് ചെയ്യുമ്പോഴും ചിത്രം തിയേറ്ററുകളിലും പ്രദര്‍ശനം തുടരുന്നുണ്ട്. ചിത്രത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി നടീനടന്മാർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ ലൈവിലെത്തി വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.
അഭിമുഖത്തിൽ പ്രണവിനെ കുറിച്ചുള്ള ചോദ്യത്തിന് കല്യാണി പ്രിയദര്ശന് നല്കിയ മറുപടിയാണ് ഇപ്പോള്‍ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. അണിയറപ്രവര്‍ത്തകരെല്ലാം ലൈവിലെത്തിയപ്പോള്‍ പ്രണവ് മാത്രം പങ്കെടുത്തിരുന്നില്ല. പ്രണവ് എപ്പോഴായിരിക്കും ഒരു അഭിമുഖത്തില്‍ പ്രത്യക്ഷപ്പെടുക എന്ന് കല്യാണിയോട് വിനീത് ശ്രീനിവാസൻ ചോദിച്ചപ്പോൾ രസകരമായ മറുപടിയാണ് കല്യാണി പറഞ്ഞത്.
‘എന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവിനെ കുറിച്ചാണ്. അവര്‍ക്ക് അറിയേണ്ടതും അത് മാത്രമാണ്. എന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാന്‍ വേണ്ടി മാത്രമുള്ളതുപോലെയാണ്. എന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് ഞാന്‍ ആദ്യം നല്കിയ അഭിമുഖത്തില്‍ പോലും അവര്‍ ചോദിച്ചത് ഏറെയും പ്രണവിനെ കുറിച്ചാണ്. മാത്രമല്ല എല്ലാവര്‍ഷവും ഞാനും പ്രണവും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ ഞങ്ങളുടെ ഫോട്ടോകള്‍ വെച്ച് വാര്‍ത്തകളും വരാറുണ്ട്. അവന് അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയാണ്,’ കല്യാണി പറഞ്ഞു.
‘അവന് ഭയങ്കര നിഷ്കളങ്കനാണ്, വിനയമുള്ളവനാണ് എന്നൊക്കെയാണ് ആളുകള്‍ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ അവന് അത്ര നല്ലകുട്ടിയൊന്നുമല്ല. അവനെ കുറിച്ച് ആളുകള്‍ക്കുള്ള ആ ചിന്ത മാറ്റണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അവനെപ്പോലെ മോശമായ ഒരു കോ- സ്റ്റാര്‍ വെറെയുണ്ടാവില്ല. സെറ്റില്‍ വരുമ്പോള്‍ ഒരു ഡയലോഗ് പോലും ഓര്‍മയുണ്ടാവില്ല. കൂടാതെ ലേറ്റും ആയിരിക്കും. അവന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ്.’ കല്യാണി തമാശയായി പറഞ്ഞു.
Post Your Comments