
പഴകി തേഞ്ഞ ആഖ്യാന രീതിയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങിപോയ മലയാള സിനിമക്ക് അടിമുടി മാറ്റമാണ് ബിഗ് ബി എന്ന ചിത്രത്തിലൂടെ അമല്‍ നീരദ് കാണിച്ചു തന്നത്. കഥപറച്ചിലിന്‍റെ പുതുമയും സാങ്കേതിക വിദ്യയുടെ തിരിച്ചറിവോടെയുള്ള ഉപയോഗവും വാചക കസര്‍ത്തില്ലാതെ പ്രതികരിക്കുന്ന നായകനുമെല്ലാം പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു. മമ്മൂട്ടി നായകനായ ചിത്രം അമല്‍ നീരദിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു. ഇപ്പോൾ ബിഗ് ബി പുറത്തിറങ്ങിയ സമയത്തെ തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഷൈന്‍ ടോം ചാക്കോ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിൽ.
താരത്തിന്റെ വാക്കുകൾ :
ഞാന്‍ കമല്‍ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു. അതുകഴിഞ്ഞ് ആഷിഖിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ് അമലിനെ ഒക്കെ കാണുന്നത്. ഞാനും ആഷിഖും കമല്‍ സാറിന്റെ കറുത്തപക്ഷികള്‍ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. ആ സമയത്താണ് ബോംബെയില്‍ നിന്ന് കുറച്ച് ടീം വന്നിട്ടുണ്ടെന്ന് അറിയുന്നത്. അതാണ് അമലും (അമല്‍ നീരദ്) സമീറുമൊക്കെ (സമീര്‍ താഹിര്‍). അന്നവര് ബോംബെയില്‍ രാംഗോപാല്‍ വര്‍മയുടെ പടങ്ങളില്‍ ആയിരുന്നു വര്‍ക്ക് ചെയ്തിരുന്നത്, സിനിമാറ്റോഗ്രഫി ഒക്കെ.
ബോംബെയില്‍ നിന്ന് കുറച്ച് പിള്ളേര് വന്നിട്ടുണ്ട്, മമ്മൂക്കയെ വെച്ച് പടം ചെയ്യാന്‍, എന്ന് കേട്ടു. ബോംബെയില്‍ നിന്നോ, എന്നൊക്കെ ഞാന്‍ വിചാരിച്ചു. അപ്പോഴാണ് ഞാന്‍ ആദ്യമായി ഇങ്ങനെ ഒരു ടീമിനെക്കുറിച്ച് അറിയുന്നത്. എറണാകുളത്തെ സിനിമാക്കാരെ ഒന്നും എനിക്ക് വലിയ പിടിത്തം ഉണ്ടായിരുന്നില്ല. ഇവരാണെങ്കില്‍ ബോംബെയില്‍ നിന്നായിരുന്നു. ഇത് പണ്ട് മഹാരാജാസില്‍ ഉണ്ടായിരുന്ന അമലും സമീറും ഒക്കെയാണെന്ന് ആഷിഖ് പറഞ്ഞിട്ടാണ് അറിയുന്നത്.
പക്ഷെ പടം ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് മനസിലായത് അതൊരു ചേഞ്ചായിരുന്നു, മൊത്തം മലയാളം ഇന്‍ഡസ്ട്രിയില്‍ തന്നെ. വിഷ്വലി വളരെ ചേഞ്ച് ബിഗ് ബി ഉണ്ടാക്കി. അവതരണത്തിലും മ്യൂസിക്കിലും സ്‌റ്റൈലിലും എല്ലാം പുതിയ ഒരു സാധനം. പലരും ഇപ്പോഴും ബിഗ് ബി ഒരു ഹിറ്റല്ല, ഫ്‌ളോപ്പാണ് എന്ന് പറയുമെങ്കിലും അവരും ഉള്ളിന്റെയുള്ളില്‍ ബിഗ് ബിയുടെ ആരാധകരാണ്. അത് പറയാനുള്ള മടി കൊണ്ട് മാത്രമാണ് അവര് ഇങ്ങനെ പറയുന്നത്’.
Post Your Comments