എടക്കാട് ബെറ്റാലിയന്‍ എന്ന ചിത്രത്തിലെ ‘നീ ഹിമമഴയായി വരു..’, സൂഫിയും സൂജാതയിലെ ‘വാതുക്കല് വെള്ളരി പ്രാവ്’ എന്നീ ഗാനങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ ഗായികയാണ് നിത്യ മാമ്മന്‍. ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായ നിത്യ പാടിയ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റാണ്. നിത്യയുടേത് പ്രണയവിവാഹമായിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് നിത്യയും വിവേകും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞിട്ട് 2 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇപ്പോഴിതാ ആറ് വര്‍ഷത്തെ മനോഹരമായ പ്രണയകഥ പങ്കുവെയ്ക്കുകയാണ് പ്രിയഗായിക മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിൽ.
നിത്യയുടെ വാക്കുകൾ :
കോളജില്‍ വച്ചാണ് ഞങ്ങള്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. എന്റെ സീനിയര്‍ ആയിരുന്നു. ആദ്യമായി കണ്ടതു മുതല്‍ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അദ്ദേഹം കോളജില്‍ വളരെ ആക്ടീവ് ആയിരുന്നു. അങ്ങനെ ഒരിക്കല്‍ ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടു. വളരെ അടുത്ത സുഹൃത്തുക്കളുമായി. കോളജ് കാലത്ത് ആ സൗഹൃദം അങ്ങനെ തന്നെ തുടര്‍ന്നു. പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച ശേഷമാണ് ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തതും പരസ്പരം പ്രണയം പറഞ്ഞതും.
ബെംഗളൂരുവില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ ഹോസ്റ്റലില്‍ ആയിരുന്നു. വല്ലപ്പോഴുമൊക്കെ ഒരുമിച്ചു കാണുമെന്നു മാത്രം. ഞാന്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴും ജോലിയുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അധികം നേരമൊന്നും ഒരുമിച്ചു ചിലവഴിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് ബെംഗളൂരുവില്‍ നിന്നും ഒരുപാട് പ്രണയ ഓര്‍മകളൊന്നും കിട്ടിയിട്ടില്ലെന്നും.
ഫെബ്രുവരി 14 എന്ന ഒരു പ്രത്യേക ദിവസം ഞങ്ങള്‍ ആഘോഷിക്കാറില്ല. ഞങ്ങള്‍ക്ക് എന്നും പ്രണയദിനങ്ങളായിരുന്നു. എന്നും എപ്പോഴും സ്‌നേഹത്തിനാണു മുന്‍ഗണന. അതിന് ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല. ആറ് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണു ഞങ്ങള്‍ വിവാഹിതരായത്. ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്നു. പ്രണയത്തിനു പ്രായമില്ല എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. അത് എപ്പോള്‍ വേണമെങ്കിലും മനസ്സില്‍ തോന്നാവുന്ന ഒന്നാണ്.’
Post Your Comments