GeneralLatest NewsNEWS

നടന്‍ കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

കൊച്ചി: വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ ചെറിയ റോളിലെത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടന്‍ കോട്ടയം പ്രദീപിന്റെ വിയോഗത്തിൽ ആദരഞ്ജലികള്‍ അർപ്പിച്ച് പ്രമുഖരും സഹപ്രവർത്തകരും. മുഖ്യമന്ത്രി പിണറായി വിജയന്‍, കെ. കെ. ഷൈലജ ടീച്ചര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാരിയർ തുടങ്ങിയ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു പ്രദീപെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.

‘സിനിമാ താരം കോട്ടയം പ്രദീപിൻ്റെ വിയോഗ വാർത്ത ഏറെ ദുഃഖകരമാണ്. വ്യത്യസ്തമായ സംസാരശൈലിയിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ കലാകാരനാണ് കോട്ടയം പ്രദീപ്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ പ്രദീപ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ മേഖലയിലും തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അമ്പത് വർഷത്തിലേറെയായി നാടക രംഗത്തും സജീവമായിരുന്നു.

വിണ്ണൈ താണ്ടി വരുവായ, തട്ടത്തിൻ മറയത്ത്, ആമേൻ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ജ്മനാ പ്യാരി, രാജാ റാണി, നൻപൻ തുടങ്ങി എഴുപതിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കോട്ടയം പ്രദീപിൻ്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും, പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെള്ളിത്തിരയിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച പ്രിയപ്പെട്ട കലാകാരന് ആദരാഞ്ജലികൾ’ ശൈലജ ടീച്ചർ കുറിച്ചു

‘പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട്‌ ദിവസങ്ങൾക്ക്‌ മുമ്പും, ‘ആറാട്ടി’ന്റെ റിലിസ്‌ വിശേഷങ്ങൾ വിളിച്ച്‌ ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട്‌ പ്രമോഷനൽ വീഡിയോ അയച്ച്‌ തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത്‌ അതീവ ദുഖകരമായ ആ വാർത്തയാണ്‌. ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി’ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്‌, ‘കഴിവുള്ള കലാകാരനായിരുന്നു’യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി.’ആറാട്ടി’ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ്‌ അസ്സോസിയേറ്റ്‌ ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ’- ബി ഉണ്ണികൃഷ്ണൻ കുറിച്ചു.

‘വാർത്ത കേട്ട് ഞെട്ടി. ഒരു നല്ല മനുഷ്യനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.’ ജീത്തു ജോസഫ് കുറിച്ചു.

നല്ല നടനായിരുന്നു. നാൽപ്പത്തിയൊന്നിൽ ഒരു വേഷം ചെയ്യാനെത്തിയപ്പോൾ പ്രദീപിന്റെ രസികത്വം നേരിട്ട് അനുഭവിച്ചതാണ്. തന്നിൽ നിന്ന് പ്രേക്ഷകനും സംവിധായകനും പ്രതീക്ഷിക്കുന്നതെന്തോ അത് അളവ് തൂക്കം തെറ്റാതെ ഒറ്റടേക്കിൽ തരുന്ന അപൂർവ്വ സിദ്ധി…ഇനിയും എത്രയോ അവസരങ്ങൾ കാത്ത് നിൽക്കുമ്പോഴാണ് ഈ യാത്ര ! പ്രിയ സുഹൃത്തേ, ആദരാഞ്ജലികൾ.’ ലാൽ ജോസ് കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button