സർവീസ് ചട്ടം ലംഘിച്ചതിന് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന പോലീസ് കോൺസ്റ്റബിൾ ജിതേന്ദ്ര ഷിന്‍ഡെയെ സസ്പെൻഡ് ചെയ്തു. ഷിന്‍ഡെയെക്കുറിച്ചുള്ള പരാതികൾ അന്വേഷിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുംബൈ പോലീസ് കമ്മിഷണർ ഹേമന്ദ് നഗ്രലെ ആണ് നടപടിക്ക് ഉത്തരവിട്ടത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഷിന്‍ഡെയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി അദ്ദേഹം ബിഗ് ബിയുടെ അംഗരക്ഷകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. എന്നാൽ ഷിന്‍ഡെയുടെ വാർഷിക വരുമാനം ഒന്നരക്കോടിയിലേറെ രൂപയാണെന്നുള്ള റിപ്പോർട്ടുകളെത്തുടർന്ന് ഡി ബി മാർഗ് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഈ പണം ഷിന്‍ഡെ ബിഗ് ബിയില്‍ നിന്നോ മറ്റാരുടെയെങ്കിലും പക്കൽ നിന്നുമാണോ സമ്പാദിച്ചതെന്ന് മുംബൈ പോലീസ് ഇപ്പോള്‍ അന്വേഷിക്കുകയാണ്. ഭാര്യയുടെ പേരിൽ ഷിന്‍ഡെ നടത്തുന്ന സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സേവനം ബച്ചൻ ഉപയോഗപ്പെടുത്തുന്നതായി അന്വേഷണ സമിതി കണ്ടെത്തി. മേലധികാരികളുടെ അനുമതിയില്ലാതെ ഷിന്‍ഡെ ഒട്ടേറെ വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്നും സമിതിയുടെ അന്വേഷണത്തിൽ തെളിഞ്ഞു.
അമിതാഭ് ബച്ചന് സർക്കാർ ഇസഡ് കാറ്റഗറി സംരക്ഷണമാണ് നൽകുന്നത്. നാലു കോൺസ്റ്റബിൾമാരാണ് അദ്ദേഹത്തിന്റെ സുരക്ഷാസംഘത്തിലുള്ളത്. രണ്ടുപേർ പകലും രണ്ടുപേർ രാത്രിയിലും ഡ്യൂട്ടിക്കുണ്ടാവും.
Post Your Comments