ഇന്ത്യൻ സിനിമയുടെ ‘ദി ഡിസ്കോ കിങ്’ ബപ്പി ലഹിരിയുടെ വിയോഗം തീർച്ചയായിട്ടും ലോകമെമ്പാടുമുള്ള എല്ലാ സംഗീത പ്രേമികൾക്കും തീരാനഷ്ടം തന്നെയാണ് എന്ന് ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാർ. ഗുഡ് ബോയ്സ്’ എന്ന ചിത്രത്തിനു വേണ്ടി ബപ്പി ലഹിരി മലയാളത്തിൽ ഒരുക്കിയ ഗാനങ്ങളിൽ രണ്ട് പാട്ടുകൾ എം ജി ശ്രീകുമാർ ആലപിച്ചിട്ടുണ്ട്. ജേഷ്ഠ സഹോദരനായാണ് അദ്ദേഹത്തിനെ കണ്ടിരുന്നതെന്നും, മറ്റു സംഗീത സംവിധായകരിൽ നിന്ന് അദ്ദേഹത്തോടൊപ്പം പാടുന്നത് വ്യത്യസ്തമാണ് എന്നും എംജി ശ്രീകുമാർ പറഞ്ഞു.
എം ജി ശ്രീകുമാറിന്റെ വാക്കുകൾ:
‘വളരെ വേദനയോടെയാണ് ഈ വാർത്ത കേട്ടത്. എനിക്ക് പരിചയമുള്ള, ഒരു സഹൃദയനായിട്ടുള്ള ഒരു ജേഷ്ഠ സഹോദരനാണ് ബപ്പി ലഹിരി. അദ്ദേത്തിന്റെ വിയോഗം തീർച്ചയായിട്ടും ലോകമെമ്പാടുമുള്ള എല്ലാ സംഗീത പ്രേമികൾക്കും തീരാനഷ്ടം തന്നെയാണ്. ഒരു കാലഘട്ടത്തിൽ അദ്ദേഹം ചെയ്ത കുറെയേറെ ഡിസ്കോ ഗാനങ്ങൾ ഇപ്പോഴും എത്രയോ ഗാനമേളയ്ക്ക് ഹിന്ദി ഗാനങ്ങൾ പാടുന്ന ഗായകർ ആലപ്പിക്കുന്നു. നിരവധി ഫാസ്റ്റ് നമ്പർ, ഡിസ്കോ ടൈപ്പ് ഗാനങ്ങൾ ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ ഇഷ്ടപ്പെടുന്ന ഏറ്റവും ജനപ്രിയമായ ഗാനങ്ങൾ കുറെ അധികം അദ്ദേഹം ചെയ്തിട്ടുണ്ട്. മെലഡി ഗാനങ്ങളും ചെയ്തിട്ടുണ്ട് എങ്കിലും അദ്ദേഹത്തെ പെട്ടന്ന് അറിയുന്നത് ഇതുപോലത്തെ ഫാസ്റ്റ് നമ്പർ പാട്ടുകളിലൂടെയാണ്. ഏതു പരിപാടിയിലും ഏതൊരാൾക്കും പാടാൻ പറ്റുന്ന രീതിയിൽ പാട്ടുകൾ ചെയ്ത മനുഷ്യനാണ്.
അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ എനിക്ക് 1997ൽ ‘ദി ഗുഡ് ബോയ്സ്’ എന്ന ചിത്രത്തിൽ പാടാൻ സാധിച്ചു. രണ്ടു പാട്ടുകളാണ് ഞാൻ പാടിയത്. രാജാമണി ആയിരുന്നു അദ്ദേഹത്തെ അസ്സോസിയേറ്റ് ചെയ്തത്. അദ്ദേഹവും ഒരു സംഗീത സംവിധായകനാണ്, മലയാളത്തിൽ പാട്ടുകൾ ചെയ്തിട്ടുണ്ട്. നിരവധി വേദികളിലും ബപ്പി ലാഹിരി സാറുമായി കണ്ടുമുട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വേഷ സംവിധാനം വളരെ പ്രത്യേകതയുള്ളതാണ്. സംസാരിക്കാനും വളരെ കൗതുകമുള്ള വ്യക്തിയാണ്. പാടിപ്പിക്കുമ്പോഴും വളരെ സൗകര്യപ്രദമായി നമുക്ക് പാടാൻ സാധിക്കും. ഈ വിയോഗ വാർത്തയിൽ വളരെയേറെ ദുഖമുണ്ട്. എന്റെ ഒരു ജേഷ്ഠ സഹോദരനായാണ് ഞാൻ കണ്ടിരുന്നത്. പാടാൻ വരുമ്പോഴും പാടുമ്പോഴും എല്ലാം.’
Post Your Comments