പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധയെത്തുടര്‍ന്ന് ജനുവരി അവസാന വാരം സന്ധ്യ മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
60കളിലും 70കളിലും പിന്നണി ഗാനരംഗത്ത് ഏറ്റവും മനോഹരമായ ശബ്ദങ്ങളിലൊന്നായിരുന്നു. ബംഗാളിയിൽ ആയിരത്തിലധികവും മറ്റു ഭാഷകളിൽ ഡസനിലധികവും പാട്ടുകൾ പാടി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ ഏറ്റവും ഉയര്‍ന്ന പുരസ്കാരമായ ബംഗ ബിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ആളാണ് സന്ധ്യ മുഖര്‍ജി. ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ ഗായികയായ സന്ധ്യ നിരവധി ബംഗാളി സിനിമകള്‍ക്കും നിരവധി ഹിന്ദി സിനിമകള്‍ക്കുമായി പാടിയിട്ടുണ്ട്.
പദ്‌മശ്രീ പുരസ്കാരം നിഷേധിച്ചതുമായി ബന്ധപ്പെട്ട് സന്ധ്യ മുഖര്‍ജി കഴിഞ്ഞ മാസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബംഗാളി സംഗീത രംഗത്ത് പതിറ്റാണ്ടുകളായി നിറസാന്നിധ്യമായി നില്‍ക്കുന്ന അമ്മയ്ക്ക് 90-ാം വയസ്സില്‍ ഈ പുരസ്കാരം നല്‍കുന്നത് അനാദരവായി തോന്നിയതിനാലാണ് നിരസിച്ചതെന്നും മകള്‍ സൗമി സെൻഗുപ്ത വിശദീകരിച്ചിരുന്നു.
ഗായികയുടെ മരണത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി. മൂത്ത സഹോദരിയായാണ് കാണുന്നതെന്നും ഇത് വ്യക്തിപരമായി വലിയ നഷ്ടമാണെന്നും മമത ബാനർജി ട്വീറ്റ് ചെയ്തു.
‘ഇതിഹാസമായ സന്ധ്യ മുഖർജിയുടെ വിയോഗം ബംഗാളിൽ ഒരു കറുത്ത ദിനമാണ്. അവരുടെ ആരാധകരുടെ ഹൃദയത്തിൽ എന്നേക്കും നിധിയായി അവർ തുടരും. ആത്മാവിന് ശാന്തി നേരുന്നു.’- സംവിധായകനും നിർമ്മാതാവുമായ രാജ് ചക്രവർത്തി ട്വീറ്റ് ചെയ്തു.
Post Your Comments