ഷെയ്ന്‍ നിഗം കുത്തൊഴുക്കില്‍ വീണ് ട്രയാംഗിള്‍ ചുഴിയില്‍ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തോന്നല്‍ മാത്രമാണെന്നും, രേവതിയുടെ കരിയറിലെ ‘ആശ’ യെ തിളക്കം കെടാതെ സൂക്ഷിച്ചു എന്നും സംവിധായകൻ ഭദ്രന്‍. ഷെയ്ന്‍ നിഗം, രേവതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുല്‍ ശിവദാസന്‍ ഒരുക്കിയ സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രം ഭൂതകാലത്തെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍
ഭദ്രന്റെ കുറിപ്പ്:
‘ഭൂതകാലം’ ഒരു പക്ഷേ, നമ്മളോരോരുത്തരുടെയും തനിയാവര്‍ത്തനം തന്നെ. അസ്വാഭാവികതയുടെ ഒരു തരിമ്പ് പോലും പെടാത്ത ഒരു നല്ല ചലച്ചിത്രം. മാനസിക വിഭ്രാന്തിയില്‍ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ഒരു വിധവയും അവരുടെ മകനും മുത്തശ്ശിയും അടങ്ങിയ ഒരു കൊച്ച് വീട്. എങ്ങുമെത്താതെ നില്‍ക്കുന്ന മകനെ കാണുമ്പോള്‍ ഉണ്ടാകുന്ന അമ്മയുടെ ആശങ്കകളും സംഘര്‍ഷങ്ങളും അമ്മയെന്ന വികാരത്തെ സങ്കീര്‍ണമാക്കി.
മുത്തശ്ശിയുടെ മരണം മകന്റെ മനസ്സില്‍ വിഹ്വല ചിത്രങ്ങളായി രൂപപ്പെടാന്‍ തുടങ്ങി. ദുര്‍മരണങ്ങള്‍ സംഭവിച്ചിട്ടുള്ള ഒരു വീട്ടില്‍ ദുര്‍ബല മനസുകള്‍ വന്ന് ചേക്കേറുമ്പോള്‍ അവിടെ അവര്‍ കാണുന്ന കാഴ്ചകളില്‍ ഒരു സത്യസന്ധത ഉണ്ടായിരുന്നു. കാണിയുടെ കാഴ്ചവട്ടത്തില്‍ നിന്നും ഒരു ഫ്രെയിം പോലും അടര്‍ത്തി മാറ്റാന്‍ പറ്റാത്ത വിധം കോര്‍ത്ത് കോര്‍ത്ത് ഒരു ചങ്ങല പോലെ പിടിവിടാതെ രാഹുല്‍ സൂക്ഷ്മതയോടെ കൊണ്ടു നടന്നു. കൺഗ്രാറ്റ്സ് ..
ഷെയ്ന്‍ നിഗം കുത്തൊഴുക്കില്‍ വീണ് ട്രയാംഗിള്‍ ചുഴിയില്‍ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തോന്നല്‍ മാത്രം. ഭൂതകാലത്തിലെ ഷെയ്‌നിന്റെ ‘വിനു’ കൊടിമരം പോലെ ഉയര്‍ന്നു നിന്നു, ഇളക്കം തട്ടാതെ… ഞാന്‍ സ്റ്റേറ്റ് അവാര്‍ഡില്‍ കണ്ട ‘വെയിലി’ലെ ഇതുപോലെ പ്രകാശിപ്പിക്കാന്‍ കഴിയാതെ പോയ ഒരമ്മയുടെ സ്‌നേഹത്തിന്റെ മുന്‍പില്‍ പതറുകയും ഇടറുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അന്നും എന്റെ കണ്ണുകള്‍ ചുവന്നിരുന്നു.
ഇന്നും, ഈ സിനിമ കണ്ടപ്പോഴും. ‘എന്റെ പ്രശ്‌നം എന്താണെന്ന് അമ്മക്കറിയോ? ഞാന്‍ സ്‌നേഹിക്കുന്നവര്‍ എന്നെ മനസിലാക്കാതെ ദൂരത്ത് നില്‍ക്കുന്നത് കാണുമ്പോള്‍……..’ ആ പറച്ചില്‍ വെയിലില്‍ നിന്നും ഒത്തിരി ഒത്തിരി മാറ്റി നിര്‍ത്തിയ ഒരു രസക്കൂട്ട് കാണിച്ചു തന്നു. ഹായ് ഷെയ്ന്‍, നിനക്ക് എതിര് നീ മാത്രമേയുള്ളൂ… കീപ് ഗോയിങ് … രേവതിയുടെ കരിയറിലെ ‘ആശ’ യെ തിളക്കം കെടാതെ സൂക്ഷിച്ചു.’
Post Your Comments