സ്വന്തം സുജാത എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സ്വന്തം സുജാതയുടെ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് സൗഹൃദത്തിലാവുകയും അത് പ്രണയമായി മാറുകയും ആയിരുന്നു. ഇപ്പോഴിത ടോഷുമായി കണ്ടുമുട്ടിയതിനെ കുറിച്ചും വിവാഹത്തിന് ശേഷമുളള ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് ചന്ദ്ര ലക്ഷ്മണ് മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിൽ.
ചന്ദ്രയുടെ വാക്കുകൾ :
സ്വന്തം സുജാത സീരിയലിന്റെ നൂറാം എപ്പിസോഡിന്റെ ആഘോഷവേളയിലാണ് തങ്ങള്‍ കണ്ടുമുട്ടുന്നത്. എല്ലാവരും പെട്ടെന്ന് ഇഷ്ടപ്പെടുന്ന, ആളുകളുമായി പെട്ടെന്ന് അടുക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേത്. അങ്ങനെ എന്തുകാര്യവും തുറന്നു സംസാരിക്കാവുന്ന എന്റെ ഒരു നല്ല സുഹൃത്തായി മാറി. പ്രേക്ഷകര്‍ പറഞ്ഞു പറഞ്ഞാണ് ജീവിതകാലം മുഴുവന്‍ തുണയായിക്കൂടെ എന്ന ചിന്ത ഞങ്ങളില്‍ ഉണ്ടാകുന്നത്. എന്നെയും എന്റെ തൊഴിലിനെയും വളരെയധികം ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹമാണ് എന്റെ സോള്‍മേറ്റ് എന്ന തോന്നല്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.
കൊവിഡ് പോസിറ്റീവ് ആയതിന് ശേഷമാണ് കൂടുതല്‍ അടുക്കുന്നത്. കൊവിഡ് കാരണം സംസാരിക്കാന്‍ പോലും ആവാത്ത വിധം ഞാന്‍ ബുദ്ധിമുട്ടിയിരുന്നു. അപ്പോള്‍ പരസ്പരം മെസേജ് അയച്ച് വിവരങ്ങള്‍ തിരക്കുമായിരുന്നു. വയ്യാതിരിക്കുമ്പോഴും പരസ്പരം സന്തോഷിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. സുഹൃത്ത് എന്ന നിലയില്‍ കൂടുതല്‍ മനസ്സിലാക്കാനായത് അപ്പോഴാണ്. പരസ്പരം മനസ്സിലാക്കാനുള്ള സമയമായിരുന്നു വിവാഹത്തിനു മുമ്പുള്ള രണ്ടു മാസക്കാലം.
ജോലിയും വ്യക്തിജീവിതവും സുഗമമായി കൊണ്ടു പോകാന്‍ സാധിക്കുന്നുണ്ട്. ജോലിയുടെ ഭാഗമായാണ് കൊച്ചിയില്‍ തങ്ങുന്നത്. ബ്രേക്ക് കിട്ടുമ്പോള്‍ കുന്നംകുളത്തോ ചെന്നൈയിലോ പോകും. വെളുപ്പിന് ഷൂട്ട് ഉള്ള ദിവസങ്ങളില്‍ ടോഷേട്ടന് ചായയെങ്കിലും ഇട്ടു കൊടുത്തിട്ടേ പോകാറുള്ളൂ. പിന്നെ വീട്ടു ജോലികളിലും മറ്റും ടോഷേട്ടന് സഹായിക്കും.
പിണക്കമോ പരിഭവമോ ഉണ്ടായാല്‍ രാത്രി ഉറങ്ങുന്നതിനു മുന്നേ അതു പരിഹരിക്കണം എന്നാണ് തങ്ങള്‍ വിവാഹത്തിന് മുന്‍പ് എടുത്ത തീരുമാനം. പിറ്റേന്ന് അതുമായി ബന്ധപ്പെട്ട് വഴക്കിടേണ്ടി വരരുത്. അത് ഇതുവരെ പാലിക്കാന്‍ ഞങ്ങള്‍ക്കായി. പിണക്കം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്നത് മിക്കവാറും ഞാനായിരിക്കും. കാരണം എനിക്കു പെട്ടെന്ന് ദേഷ്യം വരും. അതുപോലെ തണുക്കുകയും ചെയ്യും. ടോഷേട്ടന് ദേഷ്യം വരാറേയില്ല. എങ്ങാനും വന്നു കഴിഞ്ഞാല്‍ അത് ഒന്നൊന്നര ദേഷ്യമായിരിക്കും.’
Post Your Comments