Latest NewsNEWSSocial Media

നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോള്‍ തോന്നിയേക്കാം: ‘മകൾ’ സിനിമയെ കുറിച്ച് സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മകള്‍’. ആറു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയ നായിക മീര ജാസ്മിന്‍ അഭിനയത്തില്‍ സജീവമാകാനൊരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ. 2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മീരയെ പ്രധാന വേഷത്തില്‍ അവസാനമായി കണ്ടത്. അതിനുശേഷം 2018 ല്‍ പുറത്തിറങ്ങിയ പൂമരം സിനിമയില്‍ അതിഥി വേഷത്തില്‍ മീര എത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചിത്രത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘മകള്‍’ ഒരുങ്ങുകയാണ്. കോവിഡിന്റെ പെരുമഴ തോര്‍ന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി. വഴിയോരത്തു വെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാല്‍ അടുത്തുള്ള കോഫിഷോപ്പില്‍ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി. തിയേറ്ററുകളും സജീവമാകുന്നു. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തിയേറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ.

‘മകള്‍’ കാത്തിരുന്നത് അതിനു വേണ്ടിയാണ്. നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോള്‍ തോന്നിയേക്കാം. എങ്കില്‍, ‘വടക്കുനോക്കിയന്ത്ര’ത്തിന്റെ തുടക്കത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത് പോലെ അത് യാദൃച്ഛികമല്ല, മന:പൂര്‍വ്വമാണ്. എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളില്‍ നിന്നാണ് ‘മകള്‍’ രൂപപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവള്‍ നിങ്ങള്‍ക്കു മുന്നിലെത്തും. അതിനുമുന്‍പ് ആദ്യത്തെ പോസ്റ്റര്‍ ഇവിടെ അവതരിപ്പിക്കുന്നു.
ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. മീരാ ജാസ്മിന്റെ ജന്മദിനം. ഒരു ഇടവേളക്കു ശേഷം ‘മകളി’ലൂടെ മലയാളത്തിലെത്തുന്ന മീരക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.

shortlink

Related Articles

Post Your Comments


Back to top button