ബ്ലാക് ആൻഡ് വൈറ്റ് കാലം പിന്നിട്ട് നിറമുള്ള ലോകവും കടന്ന് സാങ്കേതിക മികവിൻറെ ധന്യതയിൽ എത്തി നിൽക്കുന്ന മലയാള സിനിമയിലെ പഴയ മുഖങ്ങളിൽ ഇന്നും ഓർമിക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച നടനാണ് കുഞ്ചൻ. കുഞ്ചന്റെ യഥാർഥ പേര് മോഹൻ ദാസ് എന്നാണ്. നഗരം സാഗരം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അന്തരിച്ച മലയാള നടൻ തിക്കുറിശ്ശി സുകുമാരൻ നായരാണ് കുഞ്ചൻ എന്ന പേരിട്ടത്.
ഒരുവേള വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുകയും പ്രേക്ഷകരെ ശുദ്ധഹാസ്യം കൊണ്ട് ചിരിപ്പിക്കുകയും ചെയ്ത ആ നടൻ കാലങ്ങൾക്കിപ്പുറത്ത് തിരക്കുകളൊഴിഞ്ഞ് ശാന്തഹൃദയനായി കഴിയുകയാണ്. തനിക്ക് കുഞ്ഞൻ എന്ന് പേര് വന്നതും, സിനിമാ ജീവിതത്തിലെ പഴയ ഓർമ്മകളുമെല്ലാം പങ്കുവയ്ക്കുകയാണ് താരം ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിൽ.
കുഞ്ചന്റെ വാക്കുകൾ :
‘സെറ്റിൽ മറ്റൊരു മോഹൻ ഉണ്ടായിരുന്നു. ഇത് ആളുകളെ കുഴക്കി. അപ്പോഴാണ് തിക്കുറിശ്ശി കുഞ്ചൻ എന്ന് പേരിട്ടത്. പേര് എനിക്ക് ചേരും എന്ന് അദ്ദേഹം പറഞ്ഞു. തിക്കുറിശ്ശിയുടെ നാവിൻറെ സരസ്വതീ കടാക്ഷം കൊണ്ടായിരിക്കണം എനിക്ക് നല്ലത് വന്നത്.
ആദ്യമായി ജീവിതത്തിൽ അഭിനയിച്ചത് ഒരു ഡോക്യുമെന്ററിയിലാണ്. 250 രൂപ പ്രതിഫലമായി തരാമെന്ന് പറഞ്ഞപ്പോൾ പോയതാണ്. അവിടെ ചെന്നപ്പോൾ അവർ എന്നെ കോണകം ഉടുപ്പിച്ചു. എന്നിട്ട് ഒരിടത്ത് നിർത്തിയ ശേഷം പാമ്പിൻ കുഞ്ഞുങ്ങളെ ശരീരത്തിൽ ഇട്ടു. ഞാൻ ഭയന്ന് വിറച്ചു. പണം വേണ്ട ജീവൻ മതിയെന്ന് പറഞ്ഞ് കരഞ്ഞു. അതെല്ലാം രസമുള്ള ഓർമകളാണ്. അന്നൊക്കെ വല്ലപ്പോഴും മാത്രമാണ് സിനിമകൾ ലഭിച്ചിരുന്നത്. അന്നൊക്കെ എല്ലാ താരങ്ങളും തമ്മിൽ വലിയ സൗഹൃദം ഉണ്ടായിരുന്നു. ഒരുമിച്ച് ഒരു മുറിയിൽ താമസവും ഉച്ചയ്ക്കുള്ള ഭക്ഷണം കഴിക്കലും അങ്ങനെ എല്ലാം മനോഹരമായിരുന്നു. ഇപ്പോഴെല്ലാം കാരവാൻ സംസ്കാരമല്ലേ.
കമൽഹാസനുമായി പണ്ട് മുതൽ നല്ല സൗഹൃദമാണ്. അസുഖമാണെന്ന് അറിഞ്ഞാൽ എവിടെ എത്ര തിരക്കാണെങ്കിലും വിളിക്കും. ഒരുപാട് സിനിമകളിൽ അഭിനയിച്ച ശേഷം ഉണ്ടായ സൗഹൃദമാണ്. ഒരിക്കൽ ചെറിയ ഒരു അസുഖം വന്നപ്പോൾ ആശുപത്രിയിൽ ഞാൻ ചികിത്സ തേടി. അത് കമൽ എങ്ങനെയോ അറിഞ്ഞ് എന്നെ വിളിച്ച് ശരീരം ശ്രദ്ധിക്കണമെന്നെല്ലാം പറഞ്ഞ് ഒരുപാട് ഉപദേശിച്ചു. എന്റെ വിവാഹത്തിന് അദ്ദേഹം എനിക്ക് അയച്ച ആശംസ കാർഡ് ഞാൻ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
ഇന്ന് സിനിമാ മേഖലയിൽ എത്തിപ്പെടുന്നവർ ഭാഗ്യവാന്മാരാണ്. നമ്മുടെ കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ വ്യത്യാസം വന്നിട്ടുണ്ട്. അന്ന് 5000 രൂപ പ്രതിഫലം കിട്ടാൻ പോലും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്’.
Post Your Comments