രഞ്ജിത് ശങ്കറിന്റെ സു…സു…സുധി വാത്മീകം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശിവദ. വിനയന് സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മുരളി കൃഷ്ണയാണ് ശിവദയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു താരങ്ങളുടെ. സിനിമയിൽ എത്തുന്നതിനു മുൻപേ തുടങ്ങിയ പ്രണയമായിരുന്നു ഇവരുടെ. അവിചാരിതമായിട്ടാണ് രണ്ടുപേരും സിനിമയിൽ എത്തുന്നത്. ഇപ്പോഴിത തങ്ങളുടെ പ്രണയകഥ പങ്കുവെയ്ക്കുകയാണ് ശിവദ മാതൃഭൂമി ഡോട്കോമിന് നല്കിയ അഭിമുഖത്തിൽ.
ശിവദയുടെ വാക്കുകൾ :
കോളേജില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ പരിചയത്തിലാകുന്നത്. എന്നാല്‍, സാധാരണ കണ്ടുവരുന്നതുപോലെ പുറത്ത് പോയി സിനിമ കാണുക, രാത്രിയില്‍ ഫോണില്‍ സംസാരിക്കുകയൊന്നും ഉണ്ടായിരുന്നില്ല. ആദ്യമായി ഞങ്ങള്‍ ഒന്നിച്ച് സിനിമയ്ക്ക് പോയത് കല്യാണത്തിന് ശേഷമാണ്. പക്ഷേ, വിവാഹത്തിന് മുമ്പ് അമ്പലത്തിലൊക്കെ പോകുമായിരുന്നു. പക്ഷേ, അത് വീട്ടുകാരുടെ കൂടെയായിരുന്നു. ‘പ്രേമിച്ച് നടക്കുക’ എന്ന പരിപാടിയേ ഇല്ലായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ പരസ്പരം ബഹുമാനം ഉണ്ടായിരുന്നു. കോളേജ് വിട്ടതിനുശേഷമാണ് കൂടുതല്‍ ഗൗരവമായത്. പിന്നീട് ഞങ്ങള്‍ രണ്ടുപേരും സിനിമാ മേഖലയിലേക്ക് വന്നു. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ നമുക്ക് അറിയാവുന്ന ഒരാളെ തന്നെ സ്വീകരിക്കുന്നതാണ് നല്ലതെന്ന് തോന്നി. എന്തു കാര്യവും തുറന്ന് സംസാരിക്കാന്‍ കഴിയുന്ന ഒരാളായിരുന്നു അദ്ദേഹം.
കോളേജില്‍ പഠിക്കുമ്പോള്‍ സഹപാഠികള്‍ ചോദിക്കുമായിരുന്നു, നിങ്ങള്‍ ശരിക്കും പ്രണയത്തിലാണോ എന്ന്. കണ്ടിട്ട് അങ്ങിനെ തോന്നുന്നേ ഇല്ലെന്ന് അവര്‍ പറയുമായിരുന്നു. കാരണം, ഒറ്റയ്ക്ക് മാറിനിന്ന് സംസാരിക്കുന്ന ശീലമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി ഞങ്ങള്‍ രണ്ടുപേരും ഏകദേശം ഒരേ സമയത്ത് സിനിമയില്‍ വന്നു. മുരളി വിനയന് സാറിന്റെ സിനിമയിലും ഞാന്‍ ഫാസില്‍ സാറിന്റെ സിനിമയിലും. അതും നായികാ നായകന്മാരായി. അങ്ങനെ ആ ബന്ധം കൂടുതല്‍ സുദൃഢമായി’.
Post Your Comments