വാലന്റയിൻസ് ഡേയിൽ മനോഹരമായൊരു പ്രണയഗാനവുമായി എത്തിയിരിക്കുകയാണ് ‘മേരി ആവാസ് സുനോ’ ടീം. ‘പ്രണയമെന്നൊരു വാക്ക്, കരുതുമുള്ളിലൊരാൾക്ക്…..’എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. ബി കെ ഹരിനാരായണന്റേതാണ് വരികൾ. ആൻ ആമിയുടെ സ്വരമാധുരിയിലാണ് പ്രണയമുതിരുന്ന വരികൾ പ്രേക്ഷകരിലേക്കെത്തുന്നത്. ജി പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് ഗാനം പ്രേക്ഷകരിലേക്ക് എത്തിച്ചത്.
നേരത്തെ പുറത്തുവിട്ട ‘ഈറൻ നിലാ’ എന്ന മെലഡി ഗാനം ഹരിചരണിന്റെ സ്വരമാധുരിയിൽ ഹിറ്റായിരുന്നു. ‘കാറ്റത്തൊരു മൺകൂട്’ എന്ന ആദ്യഗാനവും ആസ്വാദക പ്രശംസ നേടി. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ചിത്രത്തിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയാണ് മറ്റൊരു നായിക. ജോണി ആന്റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.
യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് ചിത്രത്തിന്റെ നിർമാണം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
Post Your Comments