GeneralLatest NewsNEWS

പുതിയ തലമുറയിലെ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഒരു എൻസൈക്ലോപീഡിയ ആയിരിക്കും തിലകൻ എന്ന ഈ നടന വിസ്മയം: കലൂർ ഡെന്നിസ്

നല്ല വിവരവും ജീവിതവീക്ഷണവുമൊക്കെയുള്ള അറിവിന്റെ ഒരു വലിയ അടയാളമാണ് തിലകനെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് തിരക്കഥാകൃത്തും എഴുത്തുകാരനുമായ കലൂർ ഡെന്നിസ്. തിലകനോട് പൊരുത്തപ്പെട്ടു പോകാനാവില്ലെന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.

കലൂർ ഡെന്നീസിന്റെ വാക്കുകൾ :

‘നല്ല വിവരവും ജീവിതവീക്ഷണവുമൊക്കെയുള്ള അറിവിന്റെ ഒരു വലിയ അടയാളമാണ് തിലകനെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആരോടും ഒളിമറയുമില്ലാതെ വളരെ ഷാർപ്പായി എല്ലാം തുറന്നു പറയും. അതുകൊണ്ട് പലർക്കും അദ്ദേഹത്തിനോട് പൊരുത്തപ്പെട്ടു പോകാനാവില്ലെന്ന് എന്നോടു തന്നെ പലരും പറഞ്ഞിട്ടുണ്ട്. അതു തിലകനെ കൂടുതൽ അടുത്തിടപഴകാത്തതിന്റെ കുഴപ്പം കൊണ്ടാണെന്ന് ഞാൻ പറയുമ്പോൾ എന്റെ നേരെ പടവാളോങ്ങിയവരുമുണ്ട്.

തിലകൻ ഏറ്റവും കൂടുതൽ കലഹിച്ചിട്ടുള്ളത് ‘അമ്മ’ എന്ന സ്വന്തം സംഘടനയോടാണ്. തനിക്ക് ശരിയല്ലെന്നു തോന്നുന്ന എല്ലാ കാര്യങ്ങളിലും ശക്തമായി നിലപാട് എടുക്കുന്ന ആളാണ് തിലകൻ. അതിലെ ശരിയും തെറ്റുകളുമൊക്കെ തിലകന് വലിയ ശരിയായിട്ടേ തോന്നിയിട്ടുള്ളു. ആ ശരിയുടെ പേരിലാണ് സ്വന്തം സംഘടനയിൽ നിന്ന് വിലക്കും ഉപരോധവുമൊക്കെ ഉണ്ടായതും. അമ്മയോടൊപ്പം തന്നെ ഫെഫ്കയും അന്ന് തിലകനെ വിലക്കിയിരുന്നു. ക്ഷമയെന്ന ഒരു കുഞ്ഞുവാക്ക് പറഞ്ഞാൽ പ്രശ്‍നം അവസാനിപ്പിക്കാമെന്ന് സംഘടന പറഞ്ഞിട്ടും തിലകൻ അതിനൊന്നും തയ്യാറായില്ല. തിലകന്റെ കൂടെ സംഘടനയിലെ ഒരംഗവും ഉണ്ടായില്ല. തിലകനോട് ആഭിമുഖ്യമുള്ള ചിലരൊക്കെ ഉണ്ടെങ്കിലും അവർക്കാർക്കും തുറന്നു പറയാനുള്ള ധൈര്യവുമില്ല. സ്വന്തം സംഘടനയിൽ നിന്ന് താരാധിപത്യത്തെ വെല്ലുവിളിച്ച് വീറോടെ പൊരുതി ഒരു ഒറ്റയാൾ പട്ടാളമായി നിൽക്കാൻ കഴിഞ്ഞിട്ടുള്ള മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല.

മരണത്തിലേക്കു പോകുന്നതിനു മുൻപേയുള്ള കുറേ ദിവസങ്ങൾക്ക് മുൻപ് ജീവിതോപാധിക്കു വേണ്ടി നാടകങ്ങൾ സംവിധാനം ചെയ്യാനും അഭിനയിക്കാനും വേണ്ടി ആരോഗ്യപരമായ പരിമിതികൾ മറന്നു കൊണ്ട് വന്ദ്യവയോധികനായ അദ്ദേഹം കാറിൽ കയറി പോകുന്ന കാഴ്ച ഞാൻ ഒരുദിവസം കണ്ടു. അത് കണ്ടപ്പോൾ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. എന്നാലും ആരുടെ മുൻപിലും തോറ്റു കൊടുക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു.

അവസാനം അദ്ദേഹം തന്നെ ജയിച്ചു. എല്ലാ സംഘടനകളുടെയും വിലക്കിനെ ധിക്കരിച്ചു കൊണ്ട് സംവിധായകനായ രഞ്ജിത്ത് ചെയ്ത ‘ഇന്ത്യൻ റുപ്പി’യിൽ അഭിനയിക്കാൻ തിലകനെ വിളിച്ചതോടെയാണ് സംഘടനക്കൊരു പുനർചിന്തനം നടത്തേണ്ടി വന്നത്. അവസാനം അഭിനയിച്ച ശക്തമായ ഒരു കഥാപാത്രമാണ് ‘ഇന്ത്യൻ റുപ്പി’യിലേത്. കമ്യൂണിസ്റ്റ് പാർട്ടിയിലെ അച്യുതാനന്ദനെപ്പോലെയായിരുന്നു തിലകൻ. സിനിമയിലെ പുതിയ തലമുറയിലെ നടന്മാരുമായും അദ്ദേഹം പലപ്പോഴും കലഹിച്ചിട്ടുണ്ട്.

‘ഒരു കലാകാരനെയും ഉപരോധിക്കുവാൻ ആര്‍ക്കും കഴിയില്ല. അവന്റെ കഴിവുകളെ തടഞ്ഞുനിർത്താനുമാവില്ല. കല കടലുപോലെയാണ്. അത് അനന്തമായി നീണ്ടുകിടക്കുകയാണ്. ചരിത്രം അതാണ് പറഞ്ഞിട്ടുള്ളത്. അത് വാക്കുകളിലൂടെ, എഴുത്തിലൂടെ, പുസ്തകത്തിലൂടെ പുനഃസൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കും’. തിലകൻ എപ്പോഴും ഉപയോഗിക്കുന്ന ഒരു വാചകമാണത്.

മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോൾ തിലകൻ നിറഞ്ഞാടിയ കഥാപാത്രങ്ങളിലൂടെ പുതിയ തലമുറയിലെ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഒരു എൻസൈക്ലോപീഡിയ ആയിരിക്കും തിലകൻ എന്ന ഈ നടന വിസ്മയം.’

shortlink

Related Articles

Post Your Comments


Back to top button