മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് തെന്നിന്ത്യൻ താരം ശ്രീറാം ശ്രീധർ. ചിത്രത്തിലെ ഒരു മുറൈ വന്ത് പാർത്തായ എന്ന ഗാനത്തിനും നൃത്തരംഗത്തിനും മാത്രം വലിയൊരു ആരാധക വൃന്ദമുണ്ട്. അഭിനയത്തിനൊപ്പം നൃത്തത്തിന് വേണ്ടിയും ജീവിതം ഉഴിഞ്ഞ് വെച്ച ശ്രീധറിനെ ഫാസിലാണ് രാമനാഥനായി അഭിനയിക്കാൻ വേണ്ടി കണ്ടെത്തുന്നത്. വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴ് സിനിമയുമായി ബന്ധപ്പെട്ടുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് താരം ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ.
താരത്തിന്റെ വാക്കുകൾ :
‘മണിച്ചിത്രത്താഴ് ശരിക്കും ചരിത്രമാണ്. നാലും അഞ്ചും വർഷമൊക്കെ ചില സിനിമകൾ ഓർമയിൽ നിൽക്കും. ഇത് പക്ഷേ, അങ്ങനെയല്ല. എല്ലാ മാസവും ഏതെങ്കിലും ചാനലിൽ മണിച്ചിത്രത്താഴ് ഉണ്ടാകും. അന്ന് ഫോൺ വിളികൾ ഉറപ്പാണ്. കന്നടയിൽ ഏകദേശം 65 സിനിമകളിൽ നായകനായും അല്ലാതെയും അഭിനിയിച്ചു. എങ്കിലും രാമനാഥനാണ് ഇന്നും മറക്കാനാകാത്ത കഥാപാത്രം. മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മനോഹരമായ നൃത്തരംഗമാണ് നാഗവല്ലിയും രാമനാഥനും കൂടിയുള്ളത്.
ഒരിക്കൽ തിരുവനന്തപുരത്ത് എത്തിയപ്പോൾ മണിച്ചിത്രത്താഴ് ചിത്രീകരിച്ച പത്മനാഭപുരം കൊട്ടാരം സന്ദർശിക്കാൻ പോയി. ഭാര്യയ്ക്കും മോൾക്കുമൊപ്പം പഴയ ഓർമകൾ പങ്കിട്ട് നടക്കുകയാണ്. പെട്ടന്നാണ് മറ്റൊരു സംഘം മുന്നിലെത്തി ചോദിച്ചത് നാഗവല്ലിയുടെ രാമനാഥനല്ലേ?’ അത്ഭുതപ്പെട്ടുപ്പോയി. ഒരു മുറൈ വന്തു പാർത്തായാ… പാടി ചുവടുവയ്പ്പിച്ച ശേഷമാണ് അവർ പോകാൻ അനുവദിച്ചത്.
മറ്റൊരിക്കൽ സ്വിറ്റ്സർലൻഡിലെ വേദിയിൽ നൃത്തം അവതരിപ്പിച്ച് വിശ്രമിക്കുമ്പോൾ ഒരു മലയാളി കുടുംബം കാണാൻ വന്നു. രാമനാഥനെ പരിചയപ്പെടാനാണ് അവർ വന്നത്. ഒപ്പമുണ്ടായിരുന്നവരോട് മണിച്ചിത്രത്താഴിനെക്കുറിച്ച് വിശദീകരിച്ച് കൊടുക്കുന്നത് കേട്ടപ്പോൾ അഭിമാനം തോന്നി. അക്കാലത്ത് വിദേശ ഷോകളിെലാക്കെ ഒരു മുറൈ വന്ത് പാർത്തായാ നൃത്തരംഗം മസ്റ്റ് ആയിരുന്നു. ഗൾഫിലൊക്കെ എത്ര സ്‌റ്റേജിൽ ഇതു ചെയ്തു എന്നതിന് കണക്കില്ല. ഏത് അവാർഡിനേക്കാളും വലുതാണ് ലഭിക്കുന്ന ഈ സ്നേഹം.
കന്നഡയിലെ തിരക്കിനിടയിലാണ് കെ.ബാലചന്ദർ സാറിന്റെ .മനതിൽ ഉറുതി വേണ്ടും. എന്ന തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് ഞാനും ശോഭനയും ഒരുമിച്ചും ഒരു തമിഴ് സിനിമ ചെയ്തു. ശോഭനയുടെ ഗുരു ചിത്രാ വിശ്വേശ്വരന് എന്നെ വളരെയിഷ്ടമായിരുന്നു. രാമനാഥന്റെ കഥാപാത്രത്തെക്കുറിച്ച് ഫാസിൽ സാർ പറഞ്ഞപ്പോൾ ശോഭനയാണ് എന്റെ പേര് നിർദേശിച്ചത്. സിനിമയിൽ അഭിനയിച്ചിരുന്ന കാലത്ത് തന്നെ ഞാൻ ദൂരദർശന് വേണ്ടി ഒരു ഹിന്ദി സീരിയലിൽ അഭിനയിച്ചു. 1988ൽ തകഴി ശിവശങ്കരപ്പിള്ളയുടെ കയർ എം.എസ്. സത്യു ഹിന്ദിയിൽ ദൂർദർശന് വേണ്ടി ചെയ്തപ്പോൾ കൊച്ചുപിള്ളയുടെയും കേശവന്റെയും കഥാപാത്രങ്ങൾ ഞാനാണ് ചെയ്തത്.’
Leave a Comment