ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ മരണശേഷം ഇന്ത്യയുടെ പലഭാഗത്തു നിന്നുമുള്ള പ്രമുഖർ ലതാജിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, സൂപ്പർസ്റ്റാർ സൽമാൻ ഖാനും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇതിഹാസ ഗായികയ്ക്ക് വൈകാരികമായ ആദരാഞ്ജലി അർപ്പിക്കുകയാണ്. 1964ല്‍ പുറത്തിറങ്ങിയ വോ കോന്‍ ദി എന്ന ചിത്രത്തിനായി ലതാ മങ്കേഷ്കര്‍ ആലപിച്ച ലഗ് ജാ ഗലേ എന്ന ഗാനം പാടിയാണ് സല്‍മാന്റെ ഗാനാഞ്ജലി.
ലതാജി നിങ്ങളെ പോലെ ഒരാളുമില്ല, ഒരാളുണ്ടാവുകയുമില്ല, എന്ന കുറിപ്പോടെയാണ് സല്‍മാന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലതാ മങ്കേഷ്‌കർ ആലപിച്ച നിരവധി ശ്രദ്ധേയമായ ഗാനങ്ങളിൽ ഒന്നാണ് ‘ലാഗ് ജാ ഗലേ’. ‘രാജ് ഖോസ്‌ല സംവിധാനം ചെയ്‌ത ഒരു മിസ്റ്ററി ത്രില്ലർ സിനിമയായ വോ കൗൻ തി’യിൽ നിന്നുള്ളതാണ് ഈ ഗാനം. സാധന ശിവദാസനി, മനോജ് കുമാർ, പ്രേം ചോപ്ര എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. രാജാ മെഹന്ദി അലി ഖാൻ എഴുതിയ ഗാനത്തിന്റെ വരികൾക്ക് മദൻ മോഹനാണ് സംഗീതം നൽകിയിരിക്കുന്നത്.
നേരത്തെ ലത മങ്കേഷ്കറിനൊപ്പം ഒരു അവാര്‍ഡ് വേദി പങ്കിടുന്ന ചിത്രം പങ്കുവച്ച്, സല്‍മാന്‍ ഗായികയ്ക്ക് ആദരം അര്‍പ്പിച്ചിരുന്നു. ‘വാനമ്പാടി നിങ്ങളെ മിസ് ചെയ്യും. എന്നാല്‍ നിങ്ങളുടെ ശബ്ദം ഞങ്ങളോടൊപ്പം എന്നേക്കും ജീവിക്കും’ എന്ന കുറിപ്പോടെയാണ് സല്‍മാന്‍ ആ ചിത്രം പങ്കുവച്ചത്.
Post Your Comments