മലയാള സിനിമയിൽ മമ്മൂട്ടി അടക്കമുള്ള മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം സഹതാരമായി സജീവമായിരുന്ന നടിയായിരുന്നു സുമ ജയറാം. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലുകളിലൂടെ കുടുംബപ്രേക്ഷകർക്ക് സുപരിചിതയായ സുമ 1988ൽ ഉത്സവപിറ്റേന്ന് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. പിന്നീട് കുട്ടേട്ടൻ, എന്റെ സൂര്യപുത്രിയ്ക്ക്, പോലീസ് ഡയറി, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, കാബൂളിവാല തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
ഇപ്പോൾ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ആദ്യമായി അമ്മയായ സന്തോഷമാണ് സുമ ജയറാം പങ്കുവെച്ചിരിക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അമ്പതിനോട് അടുക്കുന്ന വേളയിൽ ഇരട്ട കുഞ്ഞുങ്ങളാണ് സുമയ്ക്ക് പിറന്നിരിക്കുന്നത്. എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുള്ള സുമ നേരത്തെ അമ്മയാകാൻ പോകുന്നതിന്റെ സന്തോഷവും പങ്കുവെച്ചിരുന്നു. ബാല്യകാല സുഹൃത്തായ ലല്ലുഷ് ഫിലിപ്പ് മാത്യുവാണ് താരത്തിന്റെ ഭർത്താവ്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന സുമ ജയറാമും ഭർത്താവ് ലല്ലുവും യാത്രകളേയും ഭക്ഷണത്തേയും ഇഷ്ടപ്പെടുന്നവരാണ്.
സോഷ്യൽ മീഡിയയിലൂടെ നടി കുഞ്ഞുങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ‘അഭിമാനത്തോടെ ഞങ്ങൾ ഞങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ വിവരം അറിയിക്കുന്നു’വെന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു. ആൻ്റണി ഫിലിപ് മാത്യു, ജോർജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് താരം പേര് നൽകിയിരിക്കുന്നത്. ഭർത്താവിൻ്റെ അച്ഛൻ പാലാത്ര തങ്കച്ചൻ മരിച്ചതിൻ്റെ പതിനാറാം വാർഷികത്തിലാണ് തങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചതെന്നും വലിയ സന്തോഷമാണെന്നും സുമ കുറിച്ചിട്ടുണ്ട്. ഗർഭിണി ആയിരുന്ന സമയത്തെ ബേബി ഷവറിന്റേയും വളകാപ്പിന്റേയും ചിത്രങ്ങളും സുമ പങ്കുവെച്ചിരുന്നു.
Post Your Comments