കർണാടകയിൽ വിവാദമായിക്കൊണ്ടിരിക്കുന്ന ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് നടി സുമലത അംബരീഷ്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവനയ്ക്ക് സുമലത നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ബിക്കിനി സ്വിമ്മിംഗ് പൂളിലാകാം, സ്കൂളിലേക്ക് പറ്റില്ല എന്നാണു സുമലത വിഷയത്തിൽ തുറന്നടിച്ചത്. ‘ബിക്കിനിയോ, ഹിജാബോ, ജീന്‍സോ… വസ്ത്രം എന്തും ആയിക്കൊള്ളട്ടെ, അത് തീരുമാനിക്കേണ്ടത് സ്ത്രീകൾ ആണ്’ എന്നായിരുന്നു ഉഡുപ്പി സ്‌കൂളിലെ ഹിജാബ് വിഷയത്തിൽ പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവന. ഇതിനെതിരെയായിരുന്നു സുമലതയുടെ മറുപടി.
കർണാടകയിൽ കത്തിപ്പടരുന്ന ഈ ഹിജാബ് വിവാദം അനാവശ്യമാണെന്നും ഓരോ സ്കൂളിലെയും ഡ്രസ് കോഡ് വിദ്യാര്‍ത്ഥികള്‍ അനുസരിക്കണമെന്നും സുമലത അംബരീഷ് അഭിപ്രായപ്പെട്ടു. അനുഭവങ്ങള്‍ വളരെ പെട്ടെന്ന് പതിയുന്ന മനസ്സുകളുള്ള വിദ്യാര്‍ത്ഥികളുടെ മേല്‍ വിഷം പുരട്ടുന്നതിന് വേണ്ടി രാഷ്ട്രീയം കളിക്കുകയാണ് എന്നും എല്ലാ സ്‌കൂളുകളിലും ഉള്ള ഡ്രസ് കോഡ് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ പാലിക്കേണ്ടതാണ് എന്നും അവർ പറഞ്ഞു. പ്രസ്തുത കോളെജിലും സ്‌കൂളിലും വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നു എന്നിരിക്കെ ഇപ്പോള്‍ പുതിയൊരു വിവാദം ഉണ്ടായതെങ്ങനെയാണ് എന്ന് ചോദിച്ച നടി വിദ്യാര്‍ത്ഥികളുടെ ഭാവിയെ വെച്ച് കളിക്കുന്നത് ആരാണെന്ന ആശങ്കയും ഉന്നയിച്ചു.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുവെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നു പ്രിയങ്ക വ്യക്തമാക്കി. ഉഡുപ്പി മഹാത്മാഗാന്ധി മെമ്മോറിയല്‍ കോളേജിലടക്കം വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഹിജാബ് ധരിച്ചും കാവി ഷാള്‍ അണിഞ്ഞും സംഘം തിരിഞ്ഞായിരുന്നു സംഘര്‍ഷം. പരസ്പരം കല്ലേറും മുദ്രാവാക്യം വിളിയും ആയതോടെ കോളേജിനകത്ത് തുടങ്ങിയ സംഘര്‍ഷം തെരുവിലേക്ക് വ്യാപിച്ചു. പ്രതിഷേധ റാലിക്കിടെ വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഉഡുപ്പിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Post Your Comments