തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി രചനയും സംവിധാനവും നിർവഹിച്ച സിനിമയായിരുന്നു സൂപ്പർ ശരണ്യ. കോളജ് കുട്ടികളെയും മറ്റ് പ്രായക്കാരെയും ആകർഷിക്കുന്ന ഫൺ എന്റർടെയ്നറാണ് ചിത്രമെന്നാണ് കണ്ടിറങ്ങിയവർ അഭിപ്രായപ്പെട്ടത്. അർജുൻ അശോകനും അനശ്വരാ രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിലുടനീളം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒരു കഥാപാത്രമായിരുന്നു അധ്യാപകനായ അരുൺ സർ എന്ന കഥാപാത്രം. അങ്കമാലി ഡയറീസടക്കം നിരവധി സിനിമകളിൽ സഹതാരമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള തൃശൂർ സ്വദേശി വിനീത് വിശ്വമാണ് അരുൺ സാറായി അഭിനയിച്ചത്. സൂപ്പർ ശരണ്യയിലെ കഥാപാത്രം ഇപ്പോൾ തന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായി തീർന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ വിനീത് വിശ്വം
വിനീതിന്റെ വാക്കുകൾ :
‘സൂപ്പർ ശരണ്യ എന്ന സിനിമ ഒരു വഴിത്തിരിവാണ്. മുമ്പ് കുറേയധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത് സൂപ്പർ ശരണ്യയിലൂടെയാണ്. ഇപ്പോൾ നാട്ടിലെ കടകളിലെല്ലാം പോകുമ്പോൾ ചേട്ടനല്ലേ സൂപ്പർ ശരണ്യയിലെ അരുൺ സാറ്..? ചേട്ടന്റെ വീട് ഇവിടെയായിരുന്നോ? എന്നൊക്കെ ചോദിച്ച് പിള്ളേരൊക്കെ അടുത്ത് വരുന്നുണ്ട്. 2014 മുതൽ ഞാൻ സിനിമയിലുണ്ട്. അരുൺ സർ ശരിക്കും ഒരു നിഷ്കളങ്കനാണ്. അനശ്വരയുടെ ശരണ്യ എന്ന കഥാപാത്രത്തിന്റെ ഇഷ്ടം പിടിച്ച് പറ്റാനുള്ള വേലകൾ പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ട്.
ഞാനൊരു ബി ടെക് ബിരുദധാരിയാണ്. പഠിക്കുന്ന സമയത്ത് അധ്യാപകൻ ആകാൻ മോഹമുണ്ടായിരുന്നു. സിനിമയിൽ അത് യാഥാർഥ്യമായി. പണ്ട് കോളജിൽ പഠിപ്പിച്ചിരുന്ന യുവ അധ്യാപകരുടെ ചില മാനറിസങ്ങൾ പകർത്തിയിരുന്നു. ചെറുപ്പം മുതൽ സിനിമയോടും അഭിനയത്തോടും വല്ലാത്തൊരു ഇഷ്ടമാണ്. ഖത്തറിൽ എഞ്ചിനീയറായി കുറച്ചുനാൾ ജോലി ചെയ്തിരുന്നു. വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു ആ സമയങ്ങളിൽ ജോലി കഴിഞ്ഞെത്തിയാൽ സിനിമകൾ കണ്ടും സിനിമ അഭിമുഖങ്ങൾ വായിച്ചും ഇരിക്കും. ജിലേബി എന്ന സിനിമയിൽ സഹ സംവിധായകനായി ക്ഷണം കിട്ടിയപ്പോൾ ജോലി രാജി വെച്ച് ഇറങ്ങുകയായിരുന്നു. ജിലേബി, പ്രേതം, രാമന്റെ ഏദൻ തോട്ടം, സു സു സുധി വാത്മീകം തുടങ്ങിയ സിനിമകളിൽ സംവിധാനസഹായിയായി. ഇതിൽ പല സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുമുണ്ട്.
2017ൽ അങ്കമാലി ഡയറീസിൽ നല്ല വേഷം ലഭിച്ചു. പിന്നീട് ആണും പെണ്ണും, മന്ദാരം, ആഭാസം, അജഗജാന്തരം തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിക്കാനായി. അജഗജാന്തരം സിനിമയുടെ തിരക്കഥ എഴുതിയത് ഞാനും കിച്ചു ടെല്ലസും ചേർന്നാണ്. ആനകളും പൂരവും പ്രമേയമായി വരുന്ന ചിത്രമാണത്. മുഴുനീള ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാനായി ഏറെ കഷ്ടപ്പെടേണ്ടി വന്നു. ഒരു കൂട്ടായ്മയുടെ വിജയമാണ് ആ സിനിമ. അങ്കമാലി ഡയറീസ് ടീമിലെ പലരും തന്നെയായിരുന്നു ഇതിലും പ്രവർത്തിച്ചത്. എഴുത്തും അഭിനയവും കൊണ്ട് എന്റെ മനസിനോട് ചേർന്ന് നിൽക്കുന്ന സിനിമയാണിത്. സിനിമ തന്നെയാണ് ഇനിയെന്റെ വഴി’.
Post Your Comments