സമൂഹത്തെ നന്നാക്കാനായി സിനിമ എടുക്കാന്‍ പറ്റില്ല, നെഗറ്റീവ് ഷേഡ് ഉറപ്പായിട്ടും വരും: ടിനു പാപ്പച്ചന്‍

പൊളിറ്റിക്കലി കറക്റ്റാവുക എന്നത് അവരവരുടെ ഇഷ്ടമാണെന്നും വിമര്‍ശനം വരുന്നതൊക്കെ വായിക്കുകയും കേള്‍ക്കുകയും ചെയ്തിട്ട് ആവശ്യമുള്ളത് മാത്രമേ എടുക്കാറുള്ളുവെന്നും സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന്റെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു യുവസംവിധായകരായ ജൂഡ് ആന്റണി ജോസഫും ടിനു പാപ്പച്ചനും മാത്തുക്കുട്ടിയും.

‘പൊളിറ്റിക്കലി കറക്റ്റാവുക എന്നത് അവരവരുടെ ഇഷ്ടമാണ്. സിനിമ ഉണ്ടായ കാലം മുതല്‍ ഇത് എല്ലാ ഇന്‍ഡസ്ട്രിയിലും ഉള്ളതാണ്. ഗാന്ധി സിനിമ കണ്ട് നന്നായവരുണ്ടോ?. വിമര്‍ശനങ്ങള്‍ വേണം. ‘മുത്തശ്ശി ഗദ’ 150 ദിവസം ഓടിയ സൂപ്പര്‍ സിനിമ എന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ പിന്നീട് എനിക്ക് മനസിലായി ആ സിനിമയില്‍ പ്രശ്‌നങ്ങളുണ്ടെന്ന്. പക്ഷേ ആ പ്രശ്‌നങ്ങള്‍ക്കുമപ്പുറത്തേക്ക് പറയുന്നത് പിന്നെ നോക്കാറില്ല. വിമര്‍ശനം വരുന്നതൊക്കെ വായിക്കുകയും കേള്‍ക്കുകയും ചെയ്തിട്ട് ആവശ്യമുള്ളത് മാത്രം എടുക്കുക. അല്ലാത്തത് ഒഴിവാക്കുക’- ജൂഡ് പറഞ്ഞു.

സമൂഹത്തെ നന്നാക്കാനായി സിനിമ എടുക്കാന്‍ പറ്റില്ലെന്നും നമ്മള്‍ എക്‌സ്‌പ്രെസ് ചെയ്യുമ്പോല്‍ നെഗറ്റീവ് ഷേഡ് ഉറപ്പായിട്ടും വരുമെന്നാണ് ടിനു പാപ്പച്ചന്‍ പറഞ്ഞത്. ‘പൊളിറ്റിക്കലി കറക്റ്റാവുക എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. മനുഷ്യരുടെ കഥയാണ് നമ്മള്‍ പറയുന്നത്. മനുഷ്യരെല്ലാം പൊളിറ്റിക്കല്‍ കറക്റ്റനെസ് ഉള്ളവരാണോ, അല്ലല്ലോ എല്ലാ മനുഷ്യരേയും എങ്ങനെ കറക്റ്റാക്കും. സമൂഹത്തെ നന്നാക്കാനായി സിനിമ എടുക്കാന്‍ പറ്റില്ല. സിനിമ മോശം മനുഷ്യരിലൂടെയും നല്ല മനുഷ്യരിലൂടെയും ഇതിനിടയില്‍ നില്‍ക്കുന്നവരിലൂടെയും പോകും.

നെഗറ്റീവ് ഷേഡിലൂടെ പോകാത്ത മനുഷ്യരുണ്ടോ. ഞാനൊക്കെ അങ്ങനെ പോയിട്ടുണ്ട്. നമ്മള്‍ എക്‌സ്‌പ്രെസ് ചെയ്യുമ്പോള്‍ അത് ഉറപ്പായിട്ടും വരും. എന്നാല്‍ മോശം കാര്യങ്ങളെ ഗ്ലോറിഫൈ ചെയ്താല്‍ വിമര്‍ശനങ്ങള്‍ ഓകെയാണ്’- ടിനു പറഞ്ഞു.

എഴുതുമ്പോള്‍ നമ്മുടെ സ്വഭാവം വരുമെന്നും അത് മറച്ചുവെച്ചിട്ട് എഴുതാന്‍ പറ്റില്ലെന്നുമാണ് മാത്തുക്കുട്ടി പറഞ്ഞത്. ഇനി മൂടിവെക്കാന്‍ ശ്രമിച്ചാലും ആളുകള്‍ക്ക് അത് മനസിലാവുമെന്നും മാത്തുക്കുട്ടി പറഞ്ഞു.

 

Share
Leave a Comment