രാക്ഷസൻ എന്ന ഒറ്റ ത്രില്ലർ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ തമിഴ് നടനാണ് വിഷ്ണു വിശാൽ. നടനെന്നതിലുപരി നിർമാതാവ് കൂടിയാണ് വിഷ്ണു വിശാൽ. രാക്ഷസന് ശേഷം വിഷ്ണുവിന്റേതായി റിലീസിന് എത്താൻ പോകുന്ന സിനിമയാണ് എഫ്ഐആർ. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറിൽ നടി മഞ്ജിമയും പ്രധാനവേഷത്തിൽ എത്തുന്നു.
എഫ്ഐആറിന്റെ റിലീസിന് മുന്നോടിയായി തമിഴ്നാട്ടിൽ പ്രസ് മീറ്റ് നടത്തിയപ്പോൾ പ്രസംഗത്തിന് ശേഷം വിങ്ങിപ്പൊട്ടി കരയുന്ന വിഷ്ണുവിന്റെ വീഡിയോ വലിയ തോതിൽ വൈറലായിരുന്നു. ഇപ്പോൾ പൊലീസ് കുടുംബത്തിൽ ജനിച്ചതിന്റെ പേരിൽ നേരിട്ടിട്ടുള്ള പ്രയാസങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിഷ്ണു ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ.
വിഷ്ണുവിന്റെ വാക്കുകൾ :
‘ഞാൻ ഒരു പൊലീസ് കുടുംബത്തിൽ ജനിച്ച വ്യക്തിയാണ്. ക്രിക്കറ്റിനോട് പണ്ട് മുതൽ താൽപര്യമുണ്ടായിരുന്നു. ശ്രീശാന്തിനൊപ്പമാണ് പരിശീലനമൊക്കെ നേടിയത്. ക്രിക്കറ്റ് നന്നായി കളിക്കുമായിരുന്നു. ഞാൻ നന്നായി അധ്വാനിച്ച് തന്നെയാണ് മത്സരങ്ങളിൽ സെലക്ഷൻ നേടിയിരുന്നത്. പക്ഷെ പുറമെ നിന്നും കാണുന്ന ആളുകളും വിമർശിക്കാൻ മാത്രം ഇരിക്കുന്നവരും അങ്ങനെയായിരുന്നില്ല പറഞ്ഞിരുന്നത്.
മത്സരത്തിനിടെയോ സെലക്ഷൻ ടൈമിലോ ചെറിയ പിഴവുകൾ സംഭവിച്ചാലും മുമ്പുള്ള മത്സരങ്ങളിലെ പ്രകടനവും പ്രാക്ടീസും കഴിവും കണക്കിലെടുത്ത് എനിക്ക് സെലക്ഷൻ കിട്ടുമായിരുന്നു. പക്ഷെ അപ്പോഴും മറ്റുള്ളവർ പറഞ്ഞത് പൊലീസുകാരന്റെ മകനായത് കൊണ്ട് വിഷ്ണുവിനെ സെലക്ട് ചെയ്തുവെന്നാണ്. ഞാൻ നന്നായി പഠിക്കുന്ന വിദ്യാർഥിയാണ്. പ്ലസ് വൺ ഒക്കെ ആയപ്പോൾ ക്രിക്കറ്റ് പരിശീലിക്കാൻ പോകുമ്പോൾ ഒഴിവ് സമയത്ത് പഠിക്കാൻ പുസ്തകവും കൈയ്യിൽ കരുതുമായിരുന്നു. അങ്ങനെ പഠിച്ചാണ് മാർക്ക് നേടിയത്. പക്ഷെ അപ്പോഴും എനിക്ക് ചുറ്റുമുള്ളവർ പറഞ്ഞത് അവൻ പൊലീസുകാരന്റെ മകനാണ് അതിനാൽ സ്വാധീനം വഴി ചോദ്യപേപ്പർ നേരത്തെ സംഘടിപ്പിച്ച് കാണും അങ്ങനെയായിരിക്കും ഞാൻ മാർക്ക് വാങ്ങിയത് എന്നാണ്. ഇത്തരത്തിലുള്ള കുത്തുവാക്കുകൾ ചെറുപ്പം മുതൽ കേൾക്കുന്നതിനാൽ പൊലീസ് ഫാമിലിയിൽ നിന്നാണ് എന്ന് പോലും പരസ്യപ്പെടുത്താറില്ലായിരുന്നു. ഒരുപാട് സിനിമകൾ കാണുന്ന കൂട്ടത്തിലാണ്. അതിനാൽ തന്നെ നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.’
Post Your Comments