തിരുവനന്തപുരം: മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ആഭ്യന്തരപരാതി പരിഹാരസമിതി അഥവാ ഇന്‍റേണല്‍ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം. സംവിധായകന്‍ സെന്ന ഹെഗ്ഡെയുടെ പുതിയ സിനിമാ സെറ്റില്‍ ആണ് സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളായിരുന്നു മലയാള സിനിമാ സെറ്റുകളില്‍ ലൈംഗികപീഡനം തടയാനുള്ള നിയമം നടപ്പാക്കുക, ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ രൂപീകരിക്കുക എന്നിവ. അതില്‍ ഒന്നാണ് ഇപ്പോള്‍ സംവിധായകന്‍ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രത്തില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ചരിത്രപരമായ ഈ നീക്കത്തിന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) സംവിധായകനും നിര്‍മാതാക്കള്‍ക്കും നന്ദി പറഞ്ഞു. 1744 വൈറ്റ് ഓള്‍ട്ടോ ആണ് കര്‍ണാടക സ്വദേശിയായ സംവിധായകന്‍ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രം. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ മലയാള ചിത്രം കബനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഷറഫുദ്ദീന്‍ ആണ് ചിത്രത്തിലെ നായകന്‍.
Post Your Comments