Latest NewsNEWSSocial Media

ദുരന്തനിവാരണ വകുപ്പില്‍ തലക്കകത്ത് കുറച്ച് ആളുതാമസമുള്ളവരെ നിയമിക്കണം: മേജര്‍ രവി

സംസ്ഥാനം ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ പരിഹാരത്തിനായി എന്ത് ചെയ്യണം എന്ന് അറിയുന്നവരെ സേനയില്‍ നിയമിക്കണമെന്ന് വിരമിച്ച ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ മേജര്‍ രവി. പാലക്കാട് മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷിക്കാൻ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് എടുത്ത കാലതാമസം ചൂണ്ടികാട്ടിയായിരുന്നു മേജര്‍ രവി ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ ആര്‍മിയെ മേജര്‍ രവി പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. മലമ്പുഴ ദുരന്തമുഖത്ത് ഹെലികോപ്റ്ററിലുള്ള നിവാരണം സാധ്യമല്ലെന്നിരിക്കെ അപ്രായോഗികമായ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിനേയും മേജര്‍ രവി വിമര്‍ശിച്ചു.

മേജര്‍ രവിയുടെ വാക്കുകൾ :

‘ബാബു ജീവനോടെ തിരിച്ചു വന്നതില്‍ സന്തോഷം. ഇന്ത്യന്‍ ആര്‍മി അവരുടെ കടമ നിര്‍വ്വഹിച്ചു. റെസ്‌ക്യൂ മിഷനിലെ എല്ലാ പട്ടാളക്കാര്‍ക്കും നന്ദി. ഇനി പറയാനുള്ളത് പിണറായി സര്‍ക്കാരിനോടാണ്. ഒരു കാര്യം മനസ്സിലാക്കണം. പത്താംക്ലാസ് പാസാകാത്തവരെ പോലും പാര്‍ട്ടി അനുഭാവി ആയതു കൊണ്ട് മാത്രം പലയിടത്തും നിയമിച്ചുവെന്ന വാര്‍ത്തകള്‍ നമ്മള്‍ വായിക്കുന്നുണ്ട്. അവിടെ എന്ത് വേണമെങ്കിലും ചെയ്തോളു. എന്നാല്‍ ദുരന്ത നിവാരണ വകുപ്പില്‍ ഒരു ദുരന്തം വരുമ്പോള്‍ എന്ത് ചെയ്യണം എന്ന് അറിയാവുന്ന ആളുകളെ, തലക്കകത്ത് കുറച്ച് ആളുതാമസമുള്ളവരെയാണ് വിടേണ്ടത്.

കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ വകുപ്പില്‍ ഉണ്ടായിരുന്നെങ്കില്‍ കരസേനയെ വിളിക്കുന്നതിനൊപ്പം നേവിയേയും ഇന്ത്യന്‍ ആര്‍മിയേയും കൂടി ഫോണില്‍ ബന്ധപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റര്‍ വാടകക്കെടുത്തിട്ട വെള്ളാനയെപോലെ ഇട്ടതൊന്നും ആര്‍ക്കും അറിയേണ്ടതില്ല.

ഹെലികോപ്റ്ററിലൂടെ രക്ഷിച്ചെടുക്കാന്‍ കഴിയുന്ന ഒരു പൊസിഷനിലല്ല അദ്ദേഹം ഇരിക്കുന്നതെന്ന് തലയില്‍ ആള് താമസമുള്ള ആര്‍ക്കും മനസ്സിലാവും. കാരണം ഹെലികോപ്റ്ററില്‍ നിന്നും കയറിട്ട് കൊടുത്താല്‍ അദ്ദേഹത്തിന് അത് പിടിക്കാന്‍ കഴിയില്ല. ഇത് മനസ്സിലാക്കാന്‍ കഴിയുന്ന ആളായിരിക്കണം സേനയിലുള്ളത്. അല്ലെങ്കില്‍ മലയുടേയും മുകളില്‍ ഹെലികോപ്റ്റര്‍ പറന്ന് ബാബുവിന് കയര്‍ ഇട്ട് കൊടുക്കണം. അത്രയും അകലമുളള റോപ്പും വേണം. അത് പ്രായോഗികമല്ല. വലിയ ഹെലികോപ്റ്റര്‍ ആണെങ്കില്‍ ഇത് സാധിക്കും. അത്തരം ഹെലികോപ്റ്റര്‍ നേവിയുടെ കൈയ്യിലാണുള്ളത്’.

shortlink

Related Articles

Post Your Comments


Back to top button