Latest NewsNEWSSocial Media

ഇത്ര പാടുപെട്ടു പ്രൊപ്പോസല്‍സ് നടന്നിട്ടും കുടുംബ കോടതിയില്‍ വിവാഹമോചന കേസുകള്‍ കൂടുന്നതല്ലേയുള്ളു?: ബാലചന്ദ്ര മേനോന്‍

കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ വാലന്റൈന്‍സ് ദിന ഒരുക്കങ്ങള്‍ കണ്ടതിനെ പറ്റി ആരാധകരുമായി പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ഈ ഒരുക്കങ്ങള്‍ കണ്ടപ്പോള്‍ മലയാള സിനിമയില്‍ താന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയ നായികമാരെ കുറിച്ച് ഓര്‍മ്മ വന്നെന്നും ബാലചന്ദ്ര മേനോൻ തന്റെ കുറിപ്പിൽ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം :

‘ഇന്നു രാവിലെ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ ചെല്ലുമ്പോള്‍ അവിടെ പതിവില്ലാത്ത ഒരു മിനുക്കവും ഒരുക്കവും. അന്വേഷണത്തില്‍ മനസ്സിലായി ഫെബ്രുവരി 14 നു വരുന്ന ‘വാലന്റൈന്‍സ് ഡേ’ യുടെ തുടക്കത്തിന്റെ തിടുക്കമാണെന്ന്. ഇന്ന്, അതായതു ഫെബ്രുവരി 8 എന്ന് പറയുന്നത് പ്രൊപ്പോസ് ഡേ ആണത്രെ! എതിരാളിയോട് (?) എങ്ങിനെ വേണം മനസ്സു തുറക്കാന്‍ എന്നതിന് പല നിര്‍ദ്ദേശങ്ങളും നിലവിലുണ്ട്. മോതിരമിട്ടാകാം… മാലയിട്ടാകാം. വിരുന്നൂട്ടിയാകാം… നിയമാവലി പ്രകാരം ഇടതു മുട്ട് നിലത്തൂന്നി ഇടതു കയ്യില്‍ മോതിരപ്പെട്ടി തിരുകി വലതു കൈ കൊണ്ട് പെട്ടി തുറക്കണമത്രേ! എനിക്ക് ചിരി വന്നു. മലയാള സിനിമയില്‍ ഞാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയ നായികമാരില്‍ ചിലര്‍ എന്റെ മനസ്സിലേക്ക് പെട്ടെന്ന്, ഓടി വന്നു.

1 ) ഗീതയാണ് നായിക. ചിത്രം എം. ടി എഴുതിയ ‘ഋതുഭേദം’. അതില്‍ ഞാന്‍ നാട്ടിപുറത്തുകാരനായ ഒരു മാഷായിരുന്നു. അതു കൊണ്ടു തന്നെ മനസ്സ് തുറന്നതു ലേശം കടുത്ത ഭാഷയിലായിപ്പോയി… ‘കാണാക്കയറുകള്‍ പൊട്ടിച്ചു… ‘ഞാന്‍ ചോദിച്ചത് ഗീതക്ക് മനസ്സിലായോ എന്ന് എനിക്കിപ്പോഴും സംശയമുണ്ട്. ടേക്ക് കഴിഞ്ഞു കുറെ കഴിഞ്ഞപ്പോള്‍ ഗീത രഹസ്യമായി എന്നോട് ചോദിച്ചത് ഓര്‍മ്മയുണ്ട്. ‘എന്നാ സാറേ ‘കാണാക്കയര്‍’ എന്ന് വെച്ചാല്‍?

2 ) രണ്ടാമത്തെ ആള്‍ പൂര്‍ണ്ണിമ – ആള് ഒരു മിടുക്കത്തിയായിരുന്നു. സ്വന്തം വീട്ടില്‍ കയറിച്ചെന്നിട്ട് എന്റെ പ്രണയാഭ്യര്‍ത്ഥന അറിയിച്ചപ്പോള്‍ ‘അമ്മ എതിര്‍ത്തിട്ടും അമ്മയെ കൂടി അവഗണിച്ചു എന്നോടൊപ്പം ഇറങ്ങി വരാന്‍ ധൈര്യം കാണിച്ച പൂര്‍ണ്ണിമ എണ്‍പതുകളിലെ ന്യൂ ജെന്‍ നായിക തന്നെയായിരുന്നു. (കാര്യം നിസ്സാരം)

3 ) ശാന്തി കൃഷ്ണയുടെ മുന്നില്‍ മാത്രം എന്റെ നിലവാരം അല്‍പ്പം താണു പോയി എന്ന് തോന്നിപ്പോകുന്നു. ‘എനിക്കിഷ്ടമല്ല’ എന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടും ഉടുമ്പിനെ പോലെ വിടാതെ ചന്തയില്‍ നിന്ന് പലചരക്കു വാങ്ങുന്ന ശൈലിയില്‍ പെണ്ണിന്റെ മനസ്സ് വിലക്കു വാങ്ങാന്‍ ശ്രമിക്കുന്ന പണകൊഴുപ്പുള്ള ഒരു ചങ്ങാതി. (കിലുകിലുക്കം)

4 ) അംബികയുടെ മുന്നില്‍ പതറുന്ന ഒരു കാമുകനായാണ് ഞാന്‍ നിന്നത്. ‘I LOVE YOU’ എന്ന് നെഞ്ചു വിരിച്ചു പറയാതെ ഒളികണ്ണിട്ടും മുക്കിയും മൂളിയും പാതി പറഞ്ഞും പാതി പറയാതെയും മനസ്സിലെ പ്രേമം പങ്കുവെക്കാന്‍ ശ്രമിക്കുന്ന ഒരു പാവം. ആ പാവത്തിനെ എങ്ങിനെ അംബികക്ക് ഇത്ര പെരുത്തിഷ്ടമായി എന്നത് ഉത്തരം കിട്ടാത്ത ചോദ്യം. (കേള്‍ക്കാത്ത ശബ്ദം)

എനിക്ക് മനസ്സിലാകാത്തത് ഇത്രയൊക്കെ പാടുപെട്ടു പ്രൊപ്പോസല്‍സ് നടന്നിട്ടും കുടുംബ കോടതിയില്‍ വിവാഹമോചന കേസുകള്‍ കൂടുന്നതല്ലേയുള്ളു? പെട്ടന്ന് ഒരു ചോദ്യം ഓര്‍ക്കാപ്പുറത്തു എന്റെ മനസ്സില്‍ ഉദിച്ചു ‘ഞാന്‍ എപ്പോള്‍ എവിടെ വെച്ചാണ് എന്റെ ഭാര്യ വരദയോട് മനസ്സ് തുറന്നത്. I mean , PROPOSE ചെയ്തത്? ചോദ്യം ന്യായം. അത് സംബന്ധിച്ച കാര്യങ്ങള്‍ ഫെബ്രുവരി 14, വാലന്റൈന്‍സ് ഡേക്കു മാറ്റി വെച്ചിരിക്കുന്നു. കോടതി പിരിയുന്നു. that’s ALL your honor !

shortlink

Related Articles

Post Your Comments


Back to top button