സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തെ നോര്‍മലൈസ് ചെയ്യുന്ന ഒരു സമീപനവും ഉണ്ടാവാന്‍ പാടില്ല: ഐശ്വര്യലക്ഷ്മി

സിനിമയില്‍ ആണെങ്കില്‍ പോലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തെ നോര്‍മലൈസ് ചെയ്യുന്ന ഒരു സമീപനവും ഉണ്ടാവാന്‍ പാടില്ലെന്ന് നടി ഐശ്വര്യലക്ഷ്മി. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും അത്തരം സംഭവങ്ങളില്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യലക്ഷ്മി സംസാരിച്ചത്. സമൂഹത്തിലും തൊഴില്‍ മേഖലയിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അതില്‍ ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളും താരം ചൂണ്ടിക്കാണിച്ചു.

ഐശ്വര്യയുടെ വാക്കുകൾ :

‘സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തെ നോര്‍മലൈസ് ചെയ്യുന്ന ഒരു സമീപനവും ഉണ്ടാവാന്‍ പാടില്ല. അത് സിനിമയില്‍ ആണെങ്കില്‍ പോലും. അതിക്രമം നേരിട്ട ഒരാളുണ്ടെങ്കില്‍ നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കണം. നമുക്ക് ഒരുപക്ഷേ അവര്‍ക്കൊപ്പം കോടതിയില്‍ പോയി കൂടെയിരിക്കാന്‍ പറ്റില്ല. എന്നാല്‍ നമുക്ക് പറയാനുള്ളത് പറയാം. നമ്മുടെ അഭിപ്രായം കേള്‍ക്കുന്ന നിരവധി പേരുണ്ടാകും. അത് ചെയ്യാം.

ഇവിടെ വിക്ടിമിനൊപ്പം നമ്മള്‍ നില്‍ക്കുക എന്നതാണ്. ഞാന്‍ ഈ പക്ഷത്താണെന്ന് ധൈര്യത്തോടെ പറയണം. അതിന് നമ്മളെ കൊണ്ട് സാധിക്കണം. ഇവിടെ നമ്മുടെ പ്രശ്നം എന്നത് എല്ലാവര്‍ക്കുമൊപ്പം ഒരു ഫ്ളോയില്‍ അങ്ങ് പോകുക എന്നതാണ്. അങ്ങനെ പോയാല്‍ ഒരു പ്രശ്നവുമുണ്ടാകില്ല എന്നതാണ്.

പഠിക്കുക, ജോലി കിട്ടുക, കല്യാണം കഴിക്കുക ഇതില്‍ നിന്ന് മാറി ചിന്തിക്കാനോ അഭിപ്രായം പറയാനോ നമ്മളെ സമ്മതിച്ചിട്ടില്ല. ഇതൊരു നല്ല മാതൃകയല്ല. അത് ബ്രേക്ക് ചെയ്യാനുള്ള ധൈര്യം നമ്മള്‍ കാണിക്കണം. എനിക്ക് സന്തോഷം തരുന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്’.

Share
Leave a Comment