കരിയര്‍ പ്ലാനിംഗ് ഇല്ലാത്തത് കൊണ്ട് എങ്ങും എത്താതെ പോയ നടന്‍ ആണ് അജ്മൽ എന്ന വിമർശത്തിന് മറുപടിയുമായി താരം. ഫെയ്‌സ്ബുക്കിലെ മൂവി ഗ്രൂപ്പായ സിനിഫൈലില്‍ (CinePhile) വന്ന പോസ്റ്റ് ആണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. കരിയറിൽ ശ്രദ്ധിക്കാത്തത് കൊണ്ടാണ് എവിടെയും എത്താതെ പോയതെന്ന വിമർശനത്തിന് കുറച്ച് നല്ല സിനിമകള്‍ ചെയ്തുകഴിഞ്ഞ് എന്റെ പി.ജി പഠനം പൂര്‍ത്തിയാക്കുമെന്നും ഡോക്ടറായി തുടര്‍ന്ന് ജോലി ചെയ്യുമെന്നും ഞാന്‍ എന്റെ കുടുംബത്തിന് കൊടുത്ത വാക്കായിരുന്നുവെന്ന് താരം മറുപടി നൽകി.
‘തന്റെ കരിയറില്‍ ഒരു പ്ലാനിംഗും ഇല്ലാഞ്ഞതു കൊണ്ട് എങ്ങും എത്താതെ പോയ നടന്‍ – അജ്മല്‍ അമീര്‍. കൊ പോലെ ഒരു ചിത്രം പാന്‍ ഇന്ത്യ ലെവലില്‍ റീച്ച് കിട്ടിയിട്ടും ലക്കി ജോക്കേഴ്‌സ് എന്ന പടത്തില്‍ പോയി തലവച്ചു. കുറച്ച് വിഷമത്തോടെയാണിത് എഴുതുന്നത്. ഇഞ്ഞി വരുന്ന പിശാശ് 2 ഒക്കെ ആ പഴയ പ്രതാപത്തിലേക്ക് അജ്മലിനെ തിരികെ കൊണ്ടു വരട്ടെ’, ഇങ്ങനെയായിരുന്നു പ്രചരിക്കപ്പെട്ട കുറിപ്പ്.
അജ്മൽ നൽകിയ മറുപടി ഇങ്ങനെ:
പ്രിയപ്പെട്ടവരെ, നിങ്ങളുടെ എല്ലാവരുടെയും കമന്റ് വായിച്ചു. നിങ്ങളുടെ കരുതലിനും പിന്തുണക്കും സ്നേഹത്തിനും നന്ദി. കുടുംബമാണ് എന്നും എന്റെ ഫസ്റ്റ് ചോയിസ്. കുറച്ച് നല്ല സിനിമകള്‍ ചെയ്തുകഴിഞ്ഞ് എന്റെ പി.ജി പഠനം പൂര്‍ത്തിയാക്കുമെന്നും ഡോക്ടറായി തുടര്‍ന്ന് ജോലി ചെയ്യുമെന്നും ഞാന്‍ എന്റെ കുടുംബത്തിന് കൊടുത്ത വാക്കായിരുന്നു.
കൊ ചെയ്ത ശേഷം ഞാന്‍ പിജി പഠനത്തിന് വേണ്ടി പോയി. അതുകൊണ്ട് ഒരുപാട് നല്ല സിനിമകള്‍ തമിഴിലും മലയാളത്തിലും നഷ്ടമായി. കൊ പോലൊരു വലിയ ഹിറ്റ് നല്‍കിയ ശേഷം ഞാന്‍ അപ്രത്യക്ഷനായി എന്ന് എല്ലാ സിനിമാക്കാരും മാധ്യമരംഗത്തുള്ളവരും പരാതി പറഞ്ഞിരുന്നു. സിനിമയുടെ ചിന്തയുമായി നടന്നാല്‍ എനിക്ക് എന്റെ പിജി പഠനം പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നു. സിനിമയില്ലാതെ ഞാന്‍ ഒന്നുമല്ല, എന്ന് എന്റെ കുടുംബത്തെ പറഞ്ഞ് മനസിലാക്കിക്കാന്‍ ഞാന്‍ മൂന്ന് വര്‍ഷമെടുത്തു. അങ്ങനെ ‘വൈറ്റ് മാറ്റര്‍’ എന്ന ഹിന്ദി വെബ്സീരിസ് ചെയ്തുകൊണ്ട് ഞാന്‍ വീണ്ടും ആരംഭിച്ചു.
ലേറ്റസ്റ്റ് റിലീസായി ഇപ്പോള്‍ നെട്രിക്കണ്ണും. എനിക്ക് സിനിമയില്‍ പിന്തുണയൊന്നുമില്ല. ഞാന്‍ മാത്രം, ദൈവവും പിന്നെ എന്റെ ആദ്യ സിനിമ മുതല്‍ എന്നെ പിന്തുണക്കുന്ന ചില നല്ല മനുഷ്യരും. ചിലപ്പോള്‍ നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥന കൊണ്ടായിരിക്കും ഞാനിപ്പോള്‍ തുടര്‍ച്ചയായി മലയാളത്തിലും തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്യുന്നുണ്ട്. ഫെബ്രുവരി 20 മുതല്‍ ഞാന്‍ പ്രധാന കഥാപാത്രമാകുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. പാന്‍ ഇന്ത്യ തലത്തിലായിരിക്കും ഇതിന്റെ റിലീസ്. ജോഷി സാറിന്റെ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments