CinemaGeneralLatest NewsMollywoodNEWS

‘ദിലീപേട്ടന് ജാമ്യം കിട്ടി, പുള്ളി തെറ്റ് ചെയ്യില്ലെന്ന വിശ്വാസം ഉണ്ട്’: സന്തോഷം പങ്കിട്ട് ലഡ്ഡു വിതരണം ചെയ്ത് ആരാധകൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കമുള്ളവർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് ആരാധകർ. ദിലീപിന് ജാമ്യം കിട്ടിയതിന്റെ സന്തോഷത്തിൽ കോടതിക്ക് സമീപം ലഡ്ഡു വിതരണം ചെയ്ത യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ‘ഞാൻ ദിലീപേട്ടന്റെ ഒരു കടുത്ത ആരാധകനാണ്. പുള്ളി തെറ്റ് ചെയ്യില്ല എന്ന വിശ്വാസമുണ്ട്. സത്യം ജയിക്കും. ദിലീപേട്ടന് ജാമ്യം കിട്ടിയ വകയിൽ ഡാ ഒരു ലഡ്ഡു കഴിക്കൂ’, ആലുവ സ്വദേശിയായ യുവാവ് പറയുന്നു.

Also Read:‘ഏത് നിമിഷവും ഞാന്‍ മരണപ്പെടാം, എനിക്ക് ആ സ്ത്രീയെ അറിയില്ല’: പീഡനക്കേസിൽ എങ്ങും തൊടാതെ ബാലചന്ദ്രകുമാർ

അതേസമയം, കേസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി ദിലീപ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഗൂഡാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ നിരത്തിയിരിക്കെ, കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് ദിലീപ് കോടതിയില്‍ മറുപടി നല്‍കിയിരുന്നു. അതേസമയം വിധിക്കെതിരെ പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കും. അന്വേഷണത്തിന്റെ ഭാ​ഗമായി ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് സുഹൃത്തുക്കളായ ശരത്ത്, ഷൈജു ചെമ്മനങ്ങാട് തുടങ്ങിയവരെ ക്രൈം ബ്രാഞ്ച് കോടതിയുടെ അനുമതിയോടെ ചോദ്യം ചെയ്തിരുന്നു.

ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ദിലീപിന് പിന്നാലെ കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപ് നൽകിയ മറുപടി പരിഗണിച്ചാണ് കോടതിയുടെ നടപടി. ദിലീപിന്‍റെ വാദങ്ങളെ മുഖവിലക്കെടുത്താണ് കോടതി വിധിപ്രസ്താവം നടത്തിയത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം പച്ചക്കളളമെന്നാണ് പ്രതികൾ കോടതിയില് മറുപടി വാദം എഴുതി നൽകിയിരുന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യം ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button